മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അപര്‍ണ ദാസ്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി മികച്ച സിനിമകളില്‍ ഭാഗമാകാന്‍ നടിക്ക് സാധിച്ചിട്ടുണ്ട്. 2022ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രമായ ബീസ്റ്റിലൂടെയാണ് അപര്‍ണ തമിഴ് സിനിമയില്‍ എത്തുന്നത്. എന്നാല്‍ ആ സിനിമ പ്രതീക്ഷിച്ചത്ര വലിയ വിജയമായിരുന്നില്ല. ഇപ്പോഴിതാ സിനിമയിൽ നിന്നുണ്ടായ ദുരനുഭവത്തെപ്പറ്റി മനസ് തുറക്കുകയാണ് അപർണ ദാസ്. പുതിയ സിനിമയായ ആനന്ദ് ശ്രീബാലയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയതായിരുന്നു അപര്‍ണ. അഭിലാഷ് പിള്ളയും ഒപ്പമുണ്ടായിരുന്നു. ഒരു സിനമയില്‍ വച്ച് തനിക്ക് മോശം അനുഭവമുണ്ടായപ്പോള്‍ പ്രതീക്ഷയോടെ നോക്കിയ നടി കൂടെ നിന്നില്ലെന്നാണ് അപര്‍ണ പറയുന്നത്. സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെ ശത്രുക്കളാകുന്നുണ്ടെന്നാണ് അപര്‍ണ പറയുന്നത്.
‘സര്‍ ഇങ്ങനെയുള്ള കോസ്റ്റിയും ഞാന്‍ ഓണ്‍ സ്‌ക്രീനില്‍ ഇടില്ല. ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല എന്നു പറഞ്ഞു. അവിടെ ഈ പുള്ളിക്കാരിയുണ്ടായിരുന്നു. ഞാന്‍ പ്രതീക്ഷിക്കുന്നത് പിന്തുണയാണ്. കുറേ ആണുങ്ങള്‍ ഇരിക്കുന്ന സ്‌പേസില്‍ ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്യേണ്ടി വരുമ്പോള്‍, ഒരു സ്ത്രീയെ കാണുമ്പോള്‍ നമ്മള്‍ കരുതുമല്ലോ ഒന്ന് കൂടെ നില്‍ക്കുമോ എന്ന്. ഒന്ന് പറഞ്ഞിരുന്നുവെങ്കില്‍ എന്നൊക്കെ. എന്നെ സംബന്ധിച്ച് വലിയൊരു അവസരം നഷ്ടപ്പെടാന്‍ പോവുകയാണ്, ഒപ്പം ആ സ്‌പേസില്‍ ഞാന്‍ അണ്‍കംഫര്‍ട്ടബിളുമാണ്. ഒരു സഹായം പ്രതീക്ഷിക്കുമ്പോള്‍ എല്ലാവരുടേയും മുന്നില്‍ വച്ച് പുള്ളിക്കാരി പറഞ്ഞത് നിങ്ങളൊരു നല്ല നടിയാണെന്ന് പോലും ഞാന്‍ പറയില്ല എന്നായിരുന്നു. നിങ്ങള്‍ക്ക് അത് പറയാനാകില്ല. ഞാന്‍ ഇത് ധരിക്കുന്നില്ലെന്ന് കരുതി ഞാനൊരു നല്ല നടിയല്ലെന്ന് പറയാനാകില്ലെന്ന് ഞാന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പുരുഷന്മാരേയാണ് എപ്പോഴും കുറ്റം പറയുന്നത്. പക്ഷെ സ്ത്രീകള്‍ക്ക് സ്ത്രീകളും ശത്രുക്കളായുണ്ട്’.-അപര്‍ണ ദാസ് പറയുന്നു.