സീപ്ലെയിൻ പദ്ധതിക്കെതിരായ സമരപരിപാടികൾക്ക് രൂപം നൽകാൻ മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം ഞായറാഴ്ച ആലപ്പുഴയിൽ. സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. സീപ്ലെയിൻ പദ്ധതി കായലിലേക്ക് കൊണ്ടുവരുന്നത് മാത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെടുമെന്നാണ് തൊഴിലാളി സംഘടനകൾ ആശങ്കയായി മുന്നോട്ടുവെക്കുന്നത്.
2013ൽ യുഡിഎഫ് സർക്കാറിന്റെ കാലത്ത് പദ്ധതി കൊണ്ടുവന്നപ്പോൾ തൊഴിലാളി സംഘടനകൾ യോജിച്ച് ശക്തമായ സമരം നടത്തിയിരുന്നു സീപ്ലെയിൻ മത്സ്യമേഖലയെ ബാധിച്ചാൽ എതിർക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ, പി.പി ചിത്തരഞ്ജൻ എംഎൽഎ അടക്കമുള്ള നേതാക്കൾ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും.
ഇടുക്കിയിൽ സീ പ്ലെയിൻ പദ്ധതിക്കെതിരെ വനം വകുപ്പും രംഗത്തുവന്നിട്ടുണ്ട്. മനുഷ്യ വന്യജീവി സംഘർഷങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ കലക്ടർക്ക് വനം വകുപ്പ് റിപ്പോർട്ട് നൽകി.
മാട്ടുപ്പെട്ടി അതീവ പരിസ്ഥിതിലോല മേഖലയാണ്. വിമാനത്തിന്റെ ലാൻഡിങ് സോൺ ആനത്താരയാണെന്നും ദേശീയോദ്യാനങ്ങൾക്ക് സമീപത്താണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയോടെ മറ്റു മാർഗങ്ങൾ തേടണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. മൂന്നാർ ഡിഎഫ്ഒയാണ് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്.