India

എഎപിക്ക് തിരിച്ചടി; മന്ത്രി കെലാഷ് ഗെഹലോട്ട് രാജിവെച്ചു

അതിഷി സര്‍ക്കാരില്‍ ഗതാഗതം, റവന്യൂ, നിയമ വകുപ്പുകളാണ് കൈലാഷ് ഗെഹലോട്ട് കൈകാര്യം ചെയ്തിരുന്നത്

ഡല്‍ഹി മന്ത്രി കെലാഷ് ഗെഹലോട്ട് രാജിവെച്ചു. ആം ആദ്മി പാര്‍ട്ടി പ്രാഥമിക അംഗത്വവും ഒഴിയുന്നതായി എഎപി കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി ഗെഹലോട്ടിന്റെ രാജി.

ഡല്‍ഹിയിലെ അതിഷി സര്‍ക്കാരില്‍ ഗതാഗതം, റവന്യൂ, നിയമ വകുപ്പുകളാണ് കൈലാഷ് ഗെഹലോട്ട് കൈകാര്യം ചെയ്തിരുന്നത്. ശീഷ്മഹല്‍ പോലുള്ള വിവാദങ്ങള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ഇനിയും വിശ്വസിക്കണോയെന്ന സംശയം ഉയര്‍ത്തുകയാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ഗെഹലോട്ട് ആരോപിച്ചു.

ജനങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിന് പകരം സ്വന്തം രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടിയാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന തോന്നലുണ്ടാക്കുകയാണ്. ഇത് അടിസ്ഥാന സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിന് തടസ്സം സൃഷ്ടിക്കുകയാണെന്നും ഗെഹലോട്ട് പറഞ്ഞു. കൈലാഷ് ഗെഹലോട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.