Health

ഒആർഎസ് കുടിക്കുന്നത് എന്തിന് ? അറിയാം

നിർജലീകരണം തടയാനും ശരീരത്തിന്റെ ഫ്ലൂയ്ഡ് –ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും സഹായിക്കുന്ന ഒന്നാണ് ഒ.ആർ.എസ് ലായനി. ഇത് വളരെ പ്രധാനപ്പെട്ട ഒരു ജീവൻ രക്ഷാ ചികിത്സ കൂടിയാണ്. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ ആരോഗ്യരംഗത്ത് വളരെ ചെലവു കുറഞ്ഞ ഈ ചികിത്സാരീതി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒആർഎസ് നൽകുന്ന ആരോഗ്യഗുണങ്ങളെ അറിയാം. ഓറൽ റീഹൈഡ്രേഷൻ സോൾട്ട്സ് അഥവാ ഒആർഎസ് ഉപയോഗിക്കുന്നത് നിർജലീകരണം തടയും. വയറിളക്കം, ഛർദി, അമിതമായ വിയർപ്പ് തുടങ്ങിയവ മൂലം ശരീരത്തിൽ നിന്നു നഷ്ടപ്പെടുന്ന ഫ്ലൂയ്ഡിന്റെയും ഇലക്ട്രോലൈറ്റുകളുടെയും കുറവ് ഫലപ്രദമായി ഒആർഎസ് നികത്തുന്നു. വളരെ ലളിതവും ചെലവു കുറഞ്ഞതുമായ ഒന്നായ ഒആർഎസ് ലായനി, ദശലക്ഷക്കണക്കിനു പേരുടെ ജീവൻ ആണ് രക്ഷിക്കുന്നത്.

നിർജലീകരണം ഉള്ള ഒരു രോഗിക്ക് എളുപ്പത്തിൽ സുഖമാവാൻ ഒആർഎസ് സഹായിക്കും. ശരീരത്തിൽ വളരെ പെട്ടെന്ന് ജലാംശം ഉള്ളതാകുകയും ശാരീരികപ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കുകയും ചെയ്യും. മറ്റ് വൈദ്യശാസ്ത്ര നേട്ടങ്ങളുമായി താരതമ്യം െചയ്താൽ വളരെ ചെലവു കുറഞ്ഞ ഒരു ചികിത്സാ രീതിയാണ് ഒആർഎസ് എന്നു കാണാം. വരുമാനം വളരെ കുറഞ്ഞ ജനങ്ങൾക്കു പോലും അതുകൊണ്ടു തന്നെ ഒആർഎസ് പ്രാപ്തമാണ്. വയറിളക്കം മൂലമുണ്ടാകുന്ന നിർജലീകരണം തടയാനുള്ള പ്രഥമശുശ്രൂഷ ആയി ഒആർഎസിനെ ആഗോള ആരോഗ്യസംഘടനകളായ ലോകാരോഗ്യ സംഘടന (WHO) യും യൂണിസെഫും നിർദേശിക്കുന്നു.

ഒആർഎസ് ലായനിയിൽ ഇലക്ട്രോലൈറ്റുകളായ സോഡിയം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താനും കോശങ്ങളുടെ പ്രവർത്തനത്തിനും ആവശ്യമാണ്. ഒആർഎസ് ലായനി തയാറാക്കാനും ഉപയോഗിക്കാനും വളരെ എളുപ്പമാണ്. ഹോസ്പിറ്റൽ സൗകര്യങ്ങളിലും വീട്ടിലും ഇത് ഒരുപോലെ തയാറാക്കി ഉപയോഗിക്കാവുന്നതാണ്. നിർജലീകരണത്തിന് ഫലപ്രദമായ ചികിത്സാ രീതിയായ ഒആർഎസ് ആശുപത്രിവാസത്തിനും കുത്തിവയ്പിനും എല്ലാം ഉള്ള സഹചര്യവും ആവശ്യവും എല്ലാം കുറയ്ക്കുന്നു. പരിമിതമായ വിഭവങ്ങൾ മാത്രം ഉള്ള ഇടങ്ങളിൽ ഇത് ഏറെ ഗുണം ചെയ്യും.