Kerala

സീ പ്ലെയിൻ പദ്ധതി താൽക്കാലികമായി നിർത്തിവെക്കണമെന്ന് മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി

സീ പ്ലെയിൻ പദ്ധതി താൽകാലികമായി നിർത്തിവെക്കണമെന്ന് മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി. സീ പ്ലെയിൻ വിഷയം മത്സ്യ തൊഴിലാളി സംഘടനകളുമായി സർക്കാർ ചർച്ച ചെയുന്നത് വരെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും കത്ത് നൽകും. മത്സ്യ തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പദ്ധതി കായലിലേക്ക് കൊണ്ടുവരുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെടുമെന്നാണ് തൊഴിലാളി സംഘടനകൾ ആശങ്കയായി മുന്നോട്ടുവെക്കുന്നത്. 2013ൽ യുഡിഎഫ് സർക്കാറിന്റെ കാലത്ത് പദ്ധതി കൊണ്ടുവന്നപ്പോൾ തൊഴിലാളി സംഘടനകൾ യോജിച്ച് ശക്തമായ സമരം നടത്തിയിരുന്നു. സീപ്ലെയിൻ മത്സ്യമേഖലയെ ബാധിച്ചാൽ എതിർക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ, പി.പി ചിത്തരഞ്ജൻ എംഎൽഎ അടക്കമുള്ള നേതാക്കൾ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു.