Saudi Arabia

ഇ-വാലറ്റുകൾക്കുള്ള നിയമങ്ങളും ചട്ടങ്ങളും പുറത്തിറക്കി സൗദി ദേശീയ ബാങ്ക്

സൗദി ദേശീയ ബാങ്കായ സാമ രാജ്യത്തെ ഇ വാലറ്റുകൾക്കുള്ള നിയമങ്ങളും ചട്ടങ്ങളും പുറത്തിറക്കി. സാമ നേരത്തെ പൊതുജനാഭിപ്രായം തേടി പുറത്തിറക്കിയ ഡ്രാഫ്റ്റ് നിയമങ്ങളാണ് ഭേദഗതികളോടെ അംഗീകരിച്ചത്. രാജ്യത്തെ സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനും ഇലക്ട്രോണിക് മണി ഇൻസ്റ്റിട്യൂഷനുകളെ ശാക്തീകരിക്കുന്നതിനുമുള്ള സാമയുടെ ശ്രമങ്ങളുടെ ഭാഗമാണ് നിയമങ്ങളും ചട്ടങ്ങളുമെന്ന് സാമ വൃത്തങ്ങൾ വ്യക്തമാക്കി. ഇ-വാലറ്റ് നിയമങ്ങൾ മാർക്കറ്റ് പങ്കാളികളെ സംരക്ഷിക്കുന്നതിനും മേഖലയുടെ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനും ഊന്നൽ നൽകുന്നു.

രാജ്യത്ത് പ്രവർത്തിക്കുന്ന അംഗീകൃത ഇ.എം.ഐകൾ പാലിക്കേണ്ട പ്രസക്തമായ റെഗുലേറ്ററി നിർദ്ദേശങ്ങളാണ് ഇവയിൽ പ്രധാനപ്പെട്ടവ. ഇലക്ട്രോണിക് വാലറ്റുകൾ തുറക്കുന്നതിനുള്ള ആവശ്യകതകൾ, ഉപയോക്താക്കളുടെ വിവരശേഖരണവും സ്ഥിരീകരണവും, നിഷ്‌ക്രിയ വാലറ്റുകൾ വർഗ്ഗീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പരിഗണനകൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിബന്ധനകളും ഇവയിൽ ഉൾപ്പെടുന്നുണ്ട്. സുതാര്യതയും പൊതുപങ്കാളിത്തവും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി നേരത്തെ പൊതുജനങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും അഭിപ്രായങ്ങൾ ആരാഞ്ഞ് ഡ്രാഫ്‌ററ് നിയമാവലി പുറത്തിറക്കിയിരുന്നു.