Kerala

‘സന്ദീപ് വാര്യര്‍ ഗാന്ധി വധത്തെ ന്യായീകരിച്ച നേതാവ്’: എതിര്‍പ്പ് പരസ്യമാക്കി കെ മുരളീധരന്‍

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി കെ മുരളീധരന്‍. സന്ദീപ് വാര്യര്‍ ഗാന്ധി വധത്തെ ന്യായീകരിച്ച നേതാവാണെന്നും അദ്ദേഹം രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടുണ്ടെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാണിച്ചു. ‘ഞാന്‍ അച്ചടക്കമുള്ള പാര്‍ട്ടി നേതാവാണ്. അദ്ദേഹത്തെ പാർട്ടിയിൽ എടുക്കാൻ തീരുമാനിച്ച സ്ഥിതിക്ക് അത് അംഗീകരിക്കുന്നു. കൂടുതലൊന്നും പറയാനില്ല. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ വരുന്നത് അറിഞ്ഞത് ടിവിയിലൂടെയാണ്. ഞാന്‍ അറിയപ്പെടുന്ന ഒരു കോണ്‍ഗ്രസ് നേതാവല്ല, സാധാരണ പ്രവർത്തകനാണ്’, കെ മുരളീധരന്‍ പറഞ്ഞു.

ഒരു നേതാവ് പാര്‍ട്ടി മാറുന്നതില്‍ അത്ഭുതമൊന്നുമില്ല. നാളെ സുരേഷ് ഗോപിയോ രാജീവ് ചന്ദ്രശേഖറോ ജോര്‍ജ് കുര്യനോ കോണ്‍ഗ്രസില്‍ വന്നാല്‍ അവരെ സ്വാഗതം ചെയ്യും. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് വരുന്നത് സ്വാഭാവികമാണ്. ജനാധിപത്യത്തില്‍ പതിവുള്ള ഏര്‍പ്പാടാണ് അതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ മുതല്‍ കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇനി പറയാം. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ വന്നില്ലെങ്കിലും പാലക്കാട് വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമായിരുന്നു. പാലക്കാട് കോണ്‍ഗ്രസിന് 100 ശതമാനം വിജയം ഉറപ്പാണ്. പാലക്കാട് മണ്ഡലത്തെ വ്യക്തമായി പഠിച്ചയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.