ഇന്ത്യ-സൗദി രാജ്യങ്ങൾക്കിടയിൽ സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ട് സഹകരണ കൗൺസിൽ രൂപികരിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോക്ടർ സുബ്രമണ്യം ജയശങ്കറിൻറെയും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻറെയും അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതിയാണ് കൗൺസിലിന് രൂപം നൽകിയത്. ഹൃസ്വ സന്ദർശനാർഥം സൗദി വിദേശകാര്യമന്ത്രിയും സംഘവും കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു.
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻറെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പങ്കാളിത്ത കൗൺസിൽ സ്ഥാപിക്കാൻ നേരത്തെ ധാരണയിലെത്തിയിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ അളവ് സമീപ വർഷങ്ങളിൽ ശ്രദ്ധേയമായ വളർച്ചയ്ക്കും സാക്ഷ്യം വഹിച്ചു.
കഴിഞ്ഞ വർഷം ഉഭയകക്ഷി വ്യാപാര മൂല്യം 53 ബില്യൺ ഡോളറിലേക്കുയർന്നു. മിഡിൽ ഈസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് സൗദി അറേബ്യ. ഇന്ത്യ വലിയ അളവിൽ സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുകയും അതേസമയം സൗദി അറേബ്യയിലേക്ക് മരുന്നുകൾ, രാസവസ്തുക്കൾ, ഭക്ഷ്യ ഉൽപന്നങ്ങൾ, യന്ത്രങ്ങൾ തുടങ്ങി നിരവധി ചരക്കുകൾ കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.