Kerala

മോചനം വൈകുന്നതിൽ സങ്കടം; ഉത്തരവ് ഇന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു, അബ്ദുൽ റഹീമിൻ്റെ ഉമ്മ

മോചനം വൈകുമ്പോൾ കണ്ണീരോടെയുള്ള കാത്തിരിപ്പിലാണ് ഉമ്മ ഫാത്തിമ.

മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്ന അബ്ദുൽ റഹീമിൻ്റെ കുടുംബത്തിന് വേദനയായി കോടതി നടപടികൾ നീളുകയാണ്. മോചനം വൈകുമ്പോൾ കണ്ണീരോടെയുള്ള കാത്തിരിപ്പിലാണ് ഉമ്മ ഫാത്തിമ. മോചന ഉത്തരവ് ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ഉമ്മ പ്രതികരിച്ചു.

ഉത്തരവ് വൈകുന്നത് എന്തുകൊണ്ടെന്ന് അറിയില്ല.വധശിക്ഷ റദ്ദാക്കിയിട്ട് 6 മാസത്തോളമായി ഇനിയും മോചനം നീളുന്നത് സഹിക്കാൻ കഴിയുന്നതല്ല.മോചനം വേഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സഹോദരൻ നസീർ പറഞ്ഞു.പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള വകുപ്പുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഫാത്തിമയും നസീറും സൗദി ജയിലിലെത്തി അബ്ദുൽ റഹീമിനെ സന്ദർശിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് ഇവർ വീട്ടിൽ തിരിച്ചെത്തിയത്.സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി ജയിലിൽ കഴിയുകയാണ് കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം.

അതേസമയം, റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചതെന്ന് നിയമ സഹായ സമിതി അറിയിച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സമിതി കണക്ക് പുറത്തുവിട്ടത്.