വായനകൾ കൊണ്ടുതന്നെ മനസ്സിൽ അസ്വസ്ഥത നിറയ്ക്കുന്ന ഒരു സ്ഥലം , അതാണ് ധനുഷ്കോടി. മുമ്പ് ജനവാസമുള്ള ഒരു ചെറു തുറമുഖനഗരമായിരുന്നു ധനുഷ്കോടി. ശ്രീലങ്കയിലേക്ക് ഇവിടെ നിന്ന് കുറഞ്ഞ ദൂരമേ ഉള്ളൂ എന്നതുകൊണ്ടുതന്നെ അരനൂറ്റാണ്ടിന് മുൻപ് ധനുഷ്കോടി തുറമുഖം എപ്പോഴും തിരക്കുള്ളതായിരുന്നു. ഒരു സ്‌കൂളും പോസ്റ്റ് ഓഫീസും പള്ളിയും ഒരു ചെറിയ റെയിൽവേ സ്‌റ്റേഷനും അവിടെ പ്രവർത്തിച്ചിരുന്നു. 1964 ഡിസംബർ 17-ന് രൂപം കൊണ്ട ചുഴലിക്കാറ്റ് ഡിസംബർ 22, 23 ദിവസങ്ങളിൽ ധനുഷ്‌കോടിയിൽ ആഞ്ഞടിച്ച് ഒരു നഗരത്തെ അപ്പാടെ തുടച്ചുനീക്കി. ഒരു ജീവൻ പോലും ബാക്കിവെക്കാതെ എല്ലാം കടൽ വിഴുങ്ങി. ദുരന്ത സമയത്ത് ധനുഷ്‌കോടിയിലേക്ക് പോവുകയായിരുന്ന പാമ്പൻ – ധനുഷ്‌കോടി പാസഞ്ചർ ഇതറിയാതെ മുന്നോട്ടെടുത്തു. കാറ്റും കോളും പതിവായിരുന്ന ധനുഷ്കോടിയിൽ സിഗ്നൽ ലഭിക്കാതിരിക്കുന്നത് പുതുമയല്ലായിരുന്നു. സ്വന്തം റിസ്‌കിൽ ട്രെയിൻ മുന്നോട്ടെടുക്കാൻ പൈലറ്റ് തീരുമാനിച്ചതിന്റെ അനന്തരഫലമായി പ്രദേശവാസികളായ രണ്ടായിരത്തോളം ആളുകൾക്ക് പുറമെ ട്രെയിൻ യാത്രക്കാരായ നൂറ്റിയിരുപത് പേരുടെ ജീവൻ കൂടി ഭീമൻ തിരമാലകൾ കവർന്നെടുത്തു. ഈ ദുരന്തത്തിന്റെ യഥാർത്ഥചിത്രം പുറം ലോകം അറിയുമ്പോഴേക്കും 48 മണിക്കൂറുകൾ കഴിഞ്ഞിട്ടുണ്ടായിരുന്നു. സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിവെച്ച നിരവധി മനുഷ്യരുടെ ഗതി കിട്ടാത്ത പ്രേതങ്ങൾ വിജനമായ കടൽക്കരയിൽ ഇന്നും അലഞ്ഞു തിരിഞ്ഞു നടക്കുന്ന പ്രേതഭൂമിയായി അങ്ങനെ ഇവിടം മാറി. ഒരു കാലഘട്ടത്തിന്റെ ചരിത്രം ഉറങ്ങിക്കിടക്കുന്ന മണ്ണ്. അതാണ് ‘ധനുഷ്കോടി’ എന്ന പ്രേതനഗരം.
ദുരന്തത്തിന് ശേഷം ഗവൺമെന്റ് ധനുഷ്‌കോടിയെ വാസയോഗ്യമല്ലാത്ത സ്ഥലമായി പ്രഖ്യാപിച്ചു. എന്നാൽ ഇന്നും മത്സ്യബന്ധനത്തൊഴിലാളികൾ താത്കാലികമായി കെട്ടിയുണ്ടാക്കിയ വീടുകളിൽ ഇവിടെ താമസിക്കുന്നുണ്ട്. നശിച്ചുപോയ ചില കെട്ടിടങ്ങളുടെ ശേഷിപ്പുകൾ ഒക്കെ ഇപ്പോഴും ധനുഷ്കോടിയിൽ കാണാം. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പഴയ ധനുഷ്‌കോടി റെയിൽവേ സ്റ്റേഷൻ, വാട്ടർ ടാങ്ക്, കസ്റ്റംസ് ഓഫീസ്, പോസ്റ്റ് ഓഫീസ്, സ്‌കൂൾ അങ്ങനെ പലതിന്റെയും അവശിഷ്ടങ്ങൾ കാണാം. ഇതിനൊക്കെപ്പുറമെ ഇന്നും കാഴ്ചക്കാരുടെ മനസിനെ പിടിച്ചു നിർത്തുന്ന എന്തോ ഒന്ന് ധനുഷ്കോടിയിലുണ്ട്. കടലിന്റെ മായിക സൗധര്യമുള്ള, മനസ്സിൽ നിന്ന് വിട്ടുപോകാത്ത, ഒരിക്കൽ പോയാൽ പിന്നെയും പോകണമെന്ന് തോന്നിക്കുന്ന ഒരു മാന്ത്രിക ഭൂമി തന്നെയാണ് ധനുഷ്കോടി