സിനിമകളിലും പാട്ടുകളിലും കണ്ട് മനസ്സിൽ പതിഞ്ഞുപോയ സ്ഥലാണ് കുടജാദ്രി. കർണാടക സഹ്യപർവ്വതനിരകളിലെ 1,343 മീറ്റർ ഉയരമുള്ള കർണാടക സംസ്ഥാനത്തിലെ തന്നെ ഏറ്റവും ഉയർന്ന പതിമൂന്നാമത്തെ കൊടുമുടിയാണ് കുടജാദ്രി. കൊല്ലൂരിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. മലയ്ക്കു ചുറ്റുമുള്ള മഴക്കാടുകളിൽ എല്ലാ സമയവും മഞ്ഞുമൂടിക്കിടക്കും. കുടജം എന്നാൽ ഔഷധ സസ്യമായ കുടകപ്പാല എന്നാണ് അർഥം. കോടി പുണ്യവുമായി ഔഷധസസ്യങ്ങളെ തഴുകി ഒഴുകിവരുന്ന കുടജാദ്രിയിലെ നീർച്ചാലുകൾ ഔഷധങ്ങളുടെ കലവറയാണ്. പണ്ട് നടന്ന് പോകാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ എങ്കിൽ ഇന്ന് മൂകാംബികയെ തൊഴുതിറങ്ങിയാൽ ജീപ്പിൽ കുടജാദ്രി വരെ എത്താം. മൂകാംബികയിൽ നിന്നു രണ്ടു മണിക്കൂർ വരും ജീപ്പ് യാത്ര. മൺപാതയിലൂടെയുള്ള വനയാത്ര മൂലസ്ഥാനത്തുള്ള ദേവീക്ഷേത്രം എത്തുമ്പോൾ അവസാനിക്കും. ഇവിടെ നിന്നാണ് സർവജ്ഞപീഠത്തിലേക്കുള്ള കാൽനടയാത്ര ആരംഭിക്കുന്നത്. യാത്രാമധ്യേ നടപ്പാതയുടെ വലതുവശത്തു താഴോട്ടിറങ്ങിയാൽ ഗണപതി ഗുഹ. ഇവിടെ നിന്നു ചിത്രമൂലയിലേക്കു ഗുഹാമാർഗം പോകാം.
സർവജ്ഞപീഠത്തിലേക്ക് എത്താൻ എളുപ്പവഴികൾ ഒന്നും ഇല്ല. അറിവിന്റെ പീഠം തൊടാൻ എളുപ്പവഴികൾ ഒന്നുമില്ലെന്നും അത് കഷ്ടപ്പാട് നിറഞ്ഞതാണ് എന്ന പാഠവുമാണ് ഈ യാത്ര നമ്മെ പഠിപ്പിക്കുന്നത്. അറിഞ്ഞതിനും അപ്പുറമാണ് ആയിത്തീരേണ്ടത് എന്ന ഓർമപ്പെടുത്തൽ ഈ വന്യതയിലെ ഓരോ കയറ്റവും നമ്മെ പഠിപ്പിക്കും. അറിവുതേടിയുള്ള എല്ലാ അന്വേഷണങ്ങളും വന്നു നിൽക്കുന്നതു കുടജാദ്രിയിലെ ഈ കരിങ്കൽ പീഠത്തിലാണ്. പ്രപഞ്ചസാരങ്ങളും തേടി ശങ്കരാചാര്യർ നടന്നെത്തിയത് ഇവിടെയാണ്. ശങ്കരപീഠത്തിന്റെ കൽപ്പടിയിലെ വിശ്രമം മലകയറി എത്തിയതിൻ്റെ സകല അവശതകളും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കും. കുടജാദ്രിയിലേക്കുള്ളത് സാഹസിക യാത്രയാണെങ്കിലും അപകടസാധ്യതകൾ കുറവാണ്. ഭക്തരുടെയും സഞ്ചാരികളുടെയും മനസ്സിലും കണ്ണിനും വിസ്മയമൊരുക്കുന്നയിടം തന്നെയാണ് കുടജാദ്രി.