മണിപ്പൂരിൽ സംഘർഷം തുടരുന്നു. രണ്ട് എംഎൽഎമാരുടെ വീടുകൾക്ക് കൂടി ഇന്നലെ വൈകിട്ട് തീയിട്ടു. അസമിൽ നദിയിൽ നിന്ന് 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇത് മണിപ്പൂരിൽ നിന്നുള്ളവരുടേതാണെന്ന് കരുതുന്നു. മണിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ദില്ലിയിൽ ഇന്നുച്ചയ്ക്ക് 12 മണിക്ക് യോഗം ചേരും. അതേസമയം മുഖ്യമന്ത്രി ബിരേൻ സിങിനെ മാറ്റണമെന്ന ആവശ്യം മണിപ്പൂരിൽ ബിജെപിക്ക് അകത്തും ശക്തമാവുകയാണ്.
രണ്ട് ദിവസത്തിനിടെ മണിപ്പൂരിൽ 13 എംഎൽഎമാരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ വൈകിട്ടും രണ്ട് എംഎൽഎമാരുടെ വീടുകൾ കത്തിച്ചു. മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ എൻഡിഎ സഖ്യകക്ഷികൾ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. മണിപ്പൂരിലെ സ്ഥിതിയുടെ ഗൗരവം ബ്രസീൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ധരിപ്പിച്ചു.