Kerala

ആർഎസിഎസിനെ പറയുമ്പോൾ കോൺഗ്രസിന് അസ്വസ്ഥത: മന്ത്രി കെ എൻ ബാലഗോപാൽ

ബാബറി മസ്ജിദ് വിഷയത്തിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ നിലപാടാണോ കോൺഗ്രസിനെന്ന് മറ്റ് നേതാക്കൾ വ്യക്തമാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബാബറി മസ്ജിദ് തകർത്തതിനെക്കുറിച്ച് ചോദിക്കുമ്പോൾ ജാംബവാന്റെ കാലത്തെ രാഷ്ട്രീയം പറയേണ്ടതില്ല എന്നാണ് കെപിസിസി പ്രസിഡന്‍റ് പറയുന്നത്. ഇതാണോ കോൺഗ്രസിന്റെ നിലപാടെന്നും ധനകാര്യ മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. ബാബറി മസ്ജിദിന്‍റെ മിനാരങ്ങൾ ആർഎസ്എസുകാർ തകർത്തത് കോൺഗ്രസിന് സംബന്ധിച്ചിടത്തോളം പ്രസക്തമല്ലാത്ത വിഷയമാണോ? താൻ ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിന്നിട്ടുണ്ടെന്നും, ബിജെപിയിലേക്ക് പോകില്ല എന്ന് പറയാനാകില്ലെന്നും മുൻപ് അഭിപ്രായപ്പെട്ടയാളാണ് കെപിസിസി പ്രസിഡന്റ്. ഗോൾവാൾക്കറിന്റെ ചിത്രത്തിന് മുൻപിൽ തിരി കത്തിച്ച ആളാണ് പ്രതിപക്ഷ നേതാവെന്ന് കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തി.

ആർഎസ്എസിനെതിരെ സംസാരിക്കുന്നത് എന്തുകൊണ്ടാണ് കോൺഗ്രസിനെ അസ്വസ്ഥപ്പെടുത്തുന്നത്? ഇന്ത്യൻ മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്ന ആർഎസ്എസിനെ ഇങ്ങനെ വല്ലാതെ പ്രീണിപ്പിക്കുന്നത് എന്തിനാണെന്നും ധനമന്ത്രി ചോദിച്ചു. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെപ്പറ്റിയും ബാബരി മസ്ജിദ് തകർത്ത വിഷയത്തിൽ സന്ദീപ് വാര്യർ മുന്നോട്ട് വച്ചിരുന്ന സംഘപരിവാർ നിലപാടുകളെക്കുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു കെ സുധാകരൻ ജാംബവാന്റെ കാലത്തെ രാഷ്ട്രീയം പറയാൻ വേറെ പണിയില്ലേ എന്ന് പ്രതികരിച്ചത്.