കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ അരുവിക്കച്ചാൽ വെള്ളച്ചാട്ടം അതിനുള്ള ബെസ്റ്റ് ഇടമാണ്. കുടുംബമായും അല്ലാതെയും എത്താനും വെള്ളച്ചാട്ടം ആസ്വദിക്കാനും കുളിക്കാനും സാധിക്കുന്നയിടം.
അധികമാരും ശ്രദ്ധിക്കാതിരുന്ന അരുവിക്കച്ചാൽ വെള്ളച്ചാട്ടം സമീപകാലത്ത് വൈറലാണ്. സമൂഹമാധ്യമങ്ങളിൽ വെള്ളച്ചാട്ടം വൈറലായതോടെ ദിവസവും നൂറുകണക്കിനാളുകളാണ് മലകയറി ഇവിടേക്ക് എത്തുന്നത്. മരങ്ങളാൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ ഈ വെള്ളച്ചാട്ടം മൺസൂൺ കാലത്തും മഴക്കാലത്തും സജീവമാണ്. ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെ അൺസീൻ കോട്ടയം എന്ന ടൂറിസം ബ്രോഷറിൽ ഉൾപ്പെട്ടയിടമാണ് അരുവിക്കച്ചാൽ വെള്ളച്ചാട്ടം.
ഉൾപ്രദേശമായതിനാൽ ഗൂഗിൾ മാപ്പ് വഴിതെറ്റിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ വഴി ചോദിച്ച് പോകുന്നതാണ് ഉത്തമം. വഴി വ്യക്തമാക്കുന്ന ബോർഡുകൾ പോലും ഒരിടത്തും സ്ഥാപിച്ചിട്ടില്ല. ജനസാന്ദ്രത കുറഞ്ഞയിടമായതിനാൽ തന്നെ കുറച്ചധികം സഞ്ചരിച്ച് വേണം വെള്ളച്ചാട്ടത്തിലേക്ക് എത്താൻ. കോട്ടയാർ പൂഞ്ഞാർ തെക്കേക്കാര പഞ്ചായത്തിലെ പാതാമ്പുഴയ്ക്ക് സമീപമാണ് അരുവിക്കച്ചാൽ വെള്ളച്ചാട്ടം.
പാതാമ്പുഴ ജങ്ഷന് സമീപത്ത് നിന്ന് പഞ്ചായത്ത് റോഡിലേക്ക് തിരിഞ്ഞു വേണം ഇവിടേക്ക് സഞ്ചരിക്കാൻ. വീതി കുറഞ്ഞതും വളവുകളും തിരിവുകളും ധാരാളമുള്ള റോഡായതിനാലും വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടാണ്. ഇരുചക്രവാഹനങ്ങൾ, കാർ, ജീപ്പ്, എസ്യുവികൾ എന്നിവയ്ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാം. വെള്ളച്ചാട്ടത്തിന് 200 മീറ്റർ അകലെ വാഹനം നിർത്തി കാൽനടയായി സഞ്ചരിച്ച് വേണം വെള്ളച്ചാട്ടത്തിൽ എത്താൻ.