Ernakulam

തൃപ്പൂണിത്തുറയിൽ ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം | accident

തിങ്കളാഴ്ച്ച പുലർച്ചെ 1.30ഓടെ എരൂർ മാത്തൂർ പാലത്തിലായിരുന്നു അപകടം

തൃപ്പൂണിത്തുറ: എറണാകുളം തൃപ്പൂണിത്തുറ എരൂരിൽ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്‍റെ കൈവരിയിലിടിച്ച് രണ്ടു പേർ മരിച്ചു. കൊല്ലം പള്ളിമൺ വെളിച്ചിക്കാല സുബിൻ ഭവനത്തിൽ സുനിലിന്‍റെ മകൻ എസ്. സുബിൻ (19), വയനാട് മേപ്പാടി അമ്പലക്കുന്ന് കടൂർ കല്യാണി വീട്ടിൽ ശിവന്‍റെ മകൾ കെ. നിവേദിത (21) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ 1.30ഓടെ എരൂർ മാത്തൂർ പാലത്തിലായിരുന്നു അപകടം.

ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്‍റെ കൈവരിയിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം. കൈവരിയിലിടിച്ച ബൈക്ക് പാലത്തിലൂടെ ഏറെ ദൂരം നിരങ്ങി നീങ്ങിയാണ് നിന്നത്. ശബ്ദം കേട്ടെത്തിയ പാലത്തിനടുത്തുള്ള വീട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. മാത്തൂരിനടുത്തുള്ള കോഫി ഷോപ്പിലെ ജീവനക്കാരനാണ് സുബിൻ. നിവേദിത കോൾ സെന്‍റർ ജീവനക്കാരിയാണ്.

content highlight; accident-death-in-thrippunithura