Recipe

ഒരു പെര്‍ഫെക്റ്റ് കറുത്ത ഹല്‍വ വീട്ടിൽ തയാറാക്കാം | ragi-halwa

ഒരു പെര്‍ഫെക്റ്റ് കറുത്ത ഹല്‍വ വീട്ടിൽ തയാറാക്കാം. മാസങ്ങളോളം ഒരു രുചി വ്യത്യാസവുമില്ലാതെ ഇരിക്കും എന്നതാണ്‌ ഈ ഹല്‍വയുടെ സവിശേഷത.

ചേരുവകൾ

റാഗിപ്പൊടി – 1 കപ്പ്
ശർക്കര – 250 ഗ്രാം
വെള്ളം – 2 1/2 കപ്പ്
നെയ്യ് – 5-6 ടേബിൾസ്പൂൺ
ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
അണ്ടിപ്പരിപ്പ് – 10-15 എണ്ണം

തയാറാക്കുന്ന വിധം

• ശര്‍ക്കര 1 1/2 കപ്പ് വെള്ളമൊഴിച്ച് ഉരുക്കി പാനിയാക്കി, അരിച്ച് തണുക്കാന്‍ മാറ്റി വയ്ക്കുക.

• ഒരു ഫ്രൈയിങ് പാന്‍ സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ 2 ടേബിള്‍സ്പൂണ്‍ നെയ്യ് ചേര്‍ത്ത് അണ്ടിപ്പരിപ്പ് ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്ത് വയ്ക്കുക.

• അടുത്തതായി ഹല്‍വ സെറ്റ് ചെയ്യാനുള്ള മോള്‍ഡ് നെയ്യ് പുരട്ടി റെഡിയാക്കി വയ്ക്കുക.

• ഇനി അരിച്ചെടുത്ത റാഗിപ്പൊടിയിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇത് ചൂടാറിയ ശര്‍ക്കര പാനിയുമായി യോജിപ്പിച്ച് അണ്ടിപ്പരിപ്പ് വറുത്ത് വച്ച പാനിലേക്ക് ഒഴിക്കുക.

• ഇനി സ്റ്റൗ ഓണ്‍ ചെയ്ത് മീഡിയം തീയില്‍ കൈയെടുക്കാതെ വരട്ടിയെടുക്കുക. ഇടയ്ക്കിടെ നെയ്യ് ചേർത്ത് കൊടുക്കാം. 20 മിനിറ്റിനുള്ളില്‍ നന്നായി കുറുകി വരും. ഈ സമയത്ത് ഏലക്കാപ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. സ്പൂണില്‍ കോരിയെടുത്ത് കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഈ സമയത്ത് സ്റ്റൗ ഓഫ് ചെയ്ത് മോള്‍ഡിലേക്ക് മാറ്റാം.

• മീഡിയത്തിനും ലോയ്ക്കും ഇടയില്‍ തീ ക്രമീകരിച്ച്, 1/2 ടേബിള്‍ സ്പൂണ്‍ നെയ്യ് കൂടി ചേര്‍ക്കാം. 5 മിനിറ്റ് കൂടി വരട്ടിയെടുത്താല്‍ ബേക്കറിയില്‍ നിന്നും കിട്ടുന്ന പോലുള്ള അസല്‍ കറുത്ത ഹല്‍വ റെഡി.

content highlight: ragi-halwa