മഴയ്ക്കൊപ്പം പ്രകൃതിയെ കുളിരണിയിച്ച് മഞ്ഞും കോടയും നിറഞ്ഞതോടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ കാണാനുള്ള യാത്രയിലാണ് ഓരോ സഞ്ചാരിയും. മൺസൂൺ എത്തും മുൻപ് മഴ എത്തിയതോടെ മലയോര പ്രദേശങ്ങൾ പച്ചപ്പിൽ നിറഞ്ഞു. മലനിരകളും പച്ചപ്പും കോടയും നിറഞ്ഞ ദൃശ്യങ്ങളാണ് എങ്ങും. ഈ കാലാവസ്ഥയിൽ മഞ്ഞ് മൂടി കിടക്കുന്ന മലയിൽ നിന്നുള്ള വെള്ളച്ചാട്ടം കാണാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും കാണേണ്ട ഒരു സ്ഥലമുണ്ട് ഇടുക്കിയിൽ.
ഇടുക്കി ജില്ലയിൽ വാഗമണ്ണിനടുത്ത് സ്ഥിതി ചെയ്യുന്ന അത്ഭുതകരമായ വെള്ളച്ചാട്ടമായ പാലൊഴുക്കുംപാറ ആണ് ഇത്തരമൊരു കാഴ്ച സമ്മാനിച്ച് കാഴ്ചക്കാരെ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. ദിവസവും ആയിരക്കണക്കിനാളുകൾ എത്തുന്ന വാഗമണ്ണിനോട് ചേർന്നാണ് പാലൊഴുകുംപാറ സ്ഥിതി ചെയ്യുന്നതെങ്കിലും ഭൂരിഭാഗം പേർക്കും ഈ അത്ഭുതക്കാഴ്ച എവിടെയാണെന്നറിയില്ല. അതിനാൽ തന്നെ ഇങ്ങോട്ടുള്ള സഞ്ചാരികളുടെ എണ്ണവും കുറവാണ്. വാഗമണിൽ എത്തുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പാലൊഴുക്കും പാറ.
പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകളും ഇടതൂർന്ന സസ്യജാലങ്ങളും പാലൊഴുകുംപാറ വെള്ളച്ചാട്ടത്തെ പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും ഒരു പറുദീസയാക്കുന്നു.
വാഗമൺ ടൗണിൽ നിന്ന് അരമണിക്കൂർ യാത്രയുണ്ട് പാലൊഴുകും പാറയിലേക്ക്. ഏകദേശം പത്ത് കിലോമീറ്റർ. വാഗമൺ ടൗണിൽ നിന്ന് സഞ്ചരിച്ച് പൈൻമരക്കാടിന് മുന്നിലൂടെയുള്ള വഴിയിലൂടെ കുറച്ച് മുന്നോട്ട് എത്തുമ്പോൾ വലതുവശത്തേക്കുള്ള ഒരു റോഡ് കാണാം. ഈ റോഡിലൂടെ പോയാൽ ഏലപ്പാറയിലെത്താം. പാലൊഴുകും പാറയുടെ ദിശാ ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും മൂന്ന് കിലോമീറ്ററിലധികമുണ്ട് യാത്ര. തേയിലത്തോട്ടങ്ങളും കുന്നുകളുമുള്ള പ്രദേശത്തൂടെയാണ് യാത്ര ചെയ്യേണ്ടത്. ചിലയിടങ്ങളിൽ വഴി മോശമാണെന്നതൊഴിച്ചാൽ മറ്റ് തടസ്സങ്ങളില്ല. ഇടറോഡുകൾ നിരവധിയുള്ളതിനാൽ അന്വേഷിച്ച് മുന്നോട്ട് പോകുന്നത് വഴി തെറ്റാതിരിക്കാൻ സഹായിക്കും.