World

റഷ്യയിലേക്ക് ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രൈന് യുഎസ് അനുമതി

വാഷിങ്ടൺ ഡിസി: റഷ്യയ്ക്കുള്ളില്‍ കൂടുതല്‍ ഉള്ളിലേക്ക് ആക്രമണം നടത്താന്‍ യുഎസ് വിതരണം ചെയ്ത ദീര്‍ഘ ദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന് അനുമതി നല്‍കി. റഷ്യയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ജോ ബൈഡൻ യുക്രൈന് അനുമതി നൽകിയത്. സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുന്നത് തടയുന്നതിനാണ് അനുമതിയെന്ന് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി. ഏറെക്കാലമായി ദീര്‍ഘ ദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ അനുമതി വേണമെന്ന് ഉക്രെയ്ന്‍ യുഎസിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

വരും ദിവസങ്ങളിൽ റഷ്യയ്ക്കെതിരെ ആദ്യമായി ദീർഘദൂര ആക്രമണങ്ങൾ നടത്താൻ യുക്രെയ്ൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് യുഎസിന്റെ പച്ചക്കൊടി. നിലവിൽ റഷ്യക്കുള്ളിൽ യുക്രൈൻ നടത്തുന്ന ആക്രമണങ്ങൾ ഡ്രോണുകൾ ഉപയോഗിച്ചാണ്. കാസ് മേഖല ഉത്തരകൊറിയയുടെ സൈനികരെ ഉപയോഗിച്ച് പിടിച്ചെടുക്കാനാണ് റഷ്യൻ തീരുമാനം. യുദ്ധത്തിന്റെ ഗതി മാറ്റാൻ കെൽപ്പുള്ളതായിരിക്കും അമേരിക്കൻ നയം. തന്റെ പ്രസിഡൻസി കാലാവധി തീരുന്ന അവസരത്തിൽ ബൈഡന്റെ തീരുമാനത്തെ ആകാംക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്.