എറണാകുളം: പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിലെ പരിശോധനയിൽ റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ. മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണം. മുറികളിലുണ്ടായിരുന്ന വനിത നേതാക്കൾ പരാതി നൽകിയിട്ടില്ല. കേസിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു.
കെപിഎം ഹോട്ടലിലെ പാതിരാ പരിശോധനയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കോൺഗ്രസ് വനിതാ നേതാക്കൾ പരാതി നൽകിയിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ് ഡിജിപിക്കു പരാതി നൽകിയത്. വനിതാ പൊലീസ് ഇല്ലാതെ മുറിയിൽ പ്രവേശിക്കാൻ ശ്രമിച്ചെന്നും നിയമങ്ങൾ പാലിക്കാതെയാണ് പൊലീസ് ഇടപെട്ടതെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ സമഗ്രാന്വേഷം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.