അപ്പത്തിനും ഇടിയപ്പത്തിനും പുട്ടിനും ചപ്പാത്തിക്കും പൂരിക്കും ഒപ്പം കഴിക്കാൻ സൂപ്പർ രുചിയിൽ ഗ്രീൻപീസ് കറി.
ചേരുവകൾ
ഗ്രീൻപീസ് – ഒരു കപ്പ്
സവാള – 2 ചെറുത്
ഇഞ്ചി – ഒരിഞ്ചു കഷണം
വെളുത്തുള്ളി – 6 അല്ലി
പച്ചമുളക് – 4
തക്കാളി – ഒന്ന്
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തേങ്ങ ചിരകിയത് – ഒരു മുറി
പെരുംജീരകം – അര ടീസ്പൂൺ
വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
കടുക് – ഒരു ടീസ്പൂൺ
ഉണക്ക മുളക് – 2
കറിവേപ്പില – ആവശ്യത്തിന്
മുളകുപൊടി – ഒരു ടീസ്പൂൺ
മല്ലിപ്പൊടി – ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
- ഗ്രീൻപീസ് കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്ത് വയ്ക്കണം.
- കുതിർത്തുവച്ച ഗ്രീൻപീസും നീളത്തിൽ അരിഞ്ഞ സവാളയും തക്കാളിയും പച്ചമുളകും ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ഒരു കപ്പ് വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക.
- ഒരു മിക്സിയുടെ ജാറിൽ തേങ്ങയും പെരുംജീരകവും അര കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് ഒരു അരിപ്പയിൽ കൂടി അരിച്ച് പാല് പിഴിഞ്ഞെടുക്കണം.
- ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉണക്കമുളകും കറിവേപ്പിലയും വഴറ്റുക.
- ഇതിലേക്ക് മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് പച്ചമണം മാറുമ്പോൾ വേവിച്ച ഗ്രീൻപീസ് ഇട്ടുകൊടുക്കാം. നന്നായി തിളച്ച് ചാറു കുറുകി തുടങ്ങുമ്പോൾ തേങ്ങാപ്പാൽ ചേർക്കുക. തിളച്ചു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക.
- രുചികരമായ ഗ്രീൻപീസ് കറി പ്രഭാത ഭക്ഷണത്തിനൊപ്പം കഴിക്കാം.
content highlight: green-peas-curry