India

വന്ദേ ഭാരതിലെ ഭക്ഷണത്തിൽ പ്രാണികൾ; ക്ഷമാപണം നടത്തി ദക്ഷിണ റെയിൽവേ, പിന്നാലെ 50,000 രൂപ പിഴ

ചെന്നൈ: തിരുനെൽവേലി വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാർക്ക് വിതരണം ചെയ്ത ഭക്ഷണത്തിൽ ചെറുപ്രാണികളെ കണ്ട സംഭവത്തിൽ മാപ്പു ചോദിച്ച ദക്ഷിണ റെയിൽവേ, ഭക്ഷണ വിതരണ ഏജൻസിക്ക് അരലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

ശനിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ട്രെയിൻ മധുരയിൽ നിന്ന് പുറപ്പെട്ടയുടൻ യാത്രക്കാരന് നല്‍കിയ പ്രഭാത ഭക്ഷണത്തിലാണ് പ്രാണികളെ ലഭിച്ചത്. ഭക്ഷണത്തിനൊപ്പം ലഭിച്ച സാമ്പാറിൽ പ്രാണികളെ കാണുകയും യാത്രക്കാരൻ പരാതിപ്പെടുകയുമായിരുന്നു. എന്നാൽ പരാതിപ്പെട്ടപ്പോള്‍ അത് പ്രാണിയല്ല, ജീരകമാണ് എന്ന മറുപടിയാണ് റെയില്‍വേ ആദ്യം നല്‍കിയത്.

ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന്, റെയിൽവേ അധികൃതർ യാത്രക്കാരനോടു ക്ഷമാപണം നടത്തുകയും കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. പിന്നാലെ, ബൃന്ദാവൻ ഫുഡ് പ്രോഡക്‌റ്റ്സിന്റെ നിയന്ത്രണത്തിലുള്ള തിരുനെൽവേലി ബേസ് കിച്ചൻ വിതരണം ചെയ്യുന്ന ഭക്ഷണം, ഓൺബോർഡ് മാനേജർ, ചീഫ് കേറ്ററിങ് ഇൻസ്‌പെക്ടർ (സിഐആർ), ചീഫ് കമേഴ്സ്യൽ ഇൻസ്‌പെക്ടർ (സിസിഐ), അസിസ്റ്റന്റ് കമേഴ്‌സ്യൽ മാനേജർ (എസിഎം) എന്നിവർ പരിശോധിച്ചപ്പോൾ കാസ്റോൾ കണ്ടെയ്‌നറിന്റെ അടപ്പിൽ ഇത്തരം പ്രാണികളുള്ളതായി കണ്ടെത്തി. തുടർന്നാണു നടപടിയെടുത്തത്.