എറണാകുളം: മുനമ്പത്ത് റീസർവ്വേ നടത്താൻ സർക്കാർ നീക്കമെന്ന റിപ്പോർട്ട് തള്ളി മന്ത്രി പി. രാജീവ്. അത് ചിലരുടെ ഭാവനാസൃഷ്‌ടിയാണ്. അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് മുനമ്പത്തേതെന്ന് പറയുന്നവർക്ക് വിഷയം വ്യക്തമായി അറിയില്ല. മുനമ്പം വിഷയത്തിൽ ശാശ്വത പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്.
ഉന്നതല യോഗത്തിനുശേഷമേ ശാശ്വത പരിഹാരം എന്തെന്ന് കണ്ടെത്താൻ കഴിയു. ആരെങ്കിലും നിയമപരമായി മുന്നോട്ടു പോയാൽ പോലും മുനമ്പം ജനത കുടിയിറക്കപ്പെടാൻ പാടില്ല. അതിന്റെ നിയമവശങ്ങളാണ് സർക്കാർ പരിശോധിക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
സന്ദീപ് വാര്യർ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. സന്ദീപ് വാര്യരുടെ നേതാവ് ഇപ്പോഴും നരേന്ദ്ര മോദി തന്നെയാണെന്നും അതുകൊണ്ടാണ് വയനാട് ഉപതിരഞ്ഞെടുപ്പിന് മുൻപ് സന്ദീപ് കോൺഗ്രസിൽ ചേരാതിരുന്നത് എന്നും രാജീവ് പറഞ്ഞു. ചേരേണ്ടത് ചെരേണ്ടിടത്തു ചേർന്നെന്ന് പറയുകയും, ശാഖയ്ക്ക് കാവൽ നിന്നയാൾ മാറിയാൽ ശാഖ നടത്തിയ ആൾക്ക് അധ്യക്ഷൻ ആകാമെന്നും പരിഹസിക്കുകയും ചെയ്തു. കേരളത്തിലെ ബിജെപിക്കും കോൺഗ്രസിനും നേതൃത്വം നൽകുന്നത് ദേശീയ ബിജെപി നേതൃത്വമാണ്. സന്ദീപ് വാര്യർ മുൻകൂട്ടി നിലപാട് വ്യക്തമാക്കിയില്ല. ആദ്യം സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കട്ടെയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്വീകരിച്ച നിലപാടെന്നും രാജീവ് ചൂണ്ടിക്കാട്ടി.