പാലക്കാട്: സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശം സംഘപരിവാറിനെ പ്രീണിപ്പിക്കാനെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കെ. സുരേന്ദ്രനും മുഖ്യമന്ത്രിക്കും ഒരേ ശബ്ദമാണെന്നും വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പാലക്കാട്ടെ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലായി മാറുമെന്ന് പറയാൻ സർക്കാർ തയ്യാറാണോയെന്നും പ്രതിപക്ഷനേതാവ് ചോദ്യമുന്നയിച്ചു.
ഹിന്ദു പത്രത്തിലെ വിദ്വേഷത്തിന്റെ തുടർച്ചയാണ് മുഖ്യമന്ത്രി ഇന്നലെ പാലക്കാട് തങ്ങൾക്കെതിരെ നടത്തിയത്. ഉജ്വലനായ മതേതര നേതാവാണ് പാണക്കാട് തങ്ങൾ. മുനമ്പം വിഷയത്തിൽ ഭിന്നിപ്പുണ്ടാകാതിരിക്കാൻ പോരാടിയ നേതാവാണ് തങ്ങൾ. എല്ലാവർക്കും വഴികാട്ടിയായ മതേതര നിലപാടെടുത്ത നേതാവിനെയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചത്.
കെ.സുരേന്ദ്രൻ തങ്ങളെ വിമർശിക്കാൻ പാടില്ലെ എന്ന് പറഞ്ഞത് മുഖ്യമന്ത്രിയുടെ ശബ്ദവും ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ശബ്ദവും ഒന്നാണെന്ന് തെളിയിക്കുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ നിലപാട് കാണിച്ച മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഓന്തിന്റെ സ്വഭാവം കാട്ടി ഭൂരിപക്ഷ പ്രീണനം നടത്തുകയാണ്. ഈ സർക്കാരിന്റെ വിലയിരുത്തലാവും ഈ തെരഞ്ഞെടുപ്പെന്ന് പറയാൻ സർക്കാരിന് ധൈര്യമുണ്ടോ എന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.