നാടൻ ചുവന്നുള്ളി ചമ്മന്തി കഴിച്ചിട്ടുണ്ടോ?. എക്കാലത്തും നാവിൽ നിറഞ്ഞു നിൽക്കുന്ന രുചിയാണതിന്. നല്ല എരിവും അൽപ്പം പുളിയും വഴറ്റിയെടുത്ത ഉള്ളിയുടെ രുചിയും ചേർന്ന കിടിലൻ ചമ്മന്തിയായിരിക്കും. രാവിലെ ദോശ ചുട്ടെടുക്കുന്ന സമയം കൊണ്ട് വളരെ എളുപ്പം ഇതും തയ്യാറാക്കാം. ദോശ തീർന്നാലും ചമ്മന്തി കഴിക്കാനുള്ള കൊതി വിട്ടു പോകില്ല. ചോറിനൊപ്പവും കഴിച്ചു നോക്കാവുന്നതാണ്.
ചേരുവകൾ
എള്ളെണ്ണ- 2 ടേബിൾസ്പൂൺ
ചുവന്നുള്ളി- 20
വെളുത്തുള്ളി- 8
വറ്റൽമുളക്- 5
വാളൻപുളി- ചെറിയ കഷ്ണം
കടുക്- 1/2 ടീസ്പൂൺ
ഉഴുന്ന് പരിപ്പ്- 1/2 ടീസ്പൂൺ
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ എള്ളെണ്ണ ചേർത്ത് ചൂടാക്കുക. അതിലേക്ക് 20 ചുവന്നുള്ളി ചെറുതായി അരിഞ്ഞതു ചേർത്ത് അരച്ചെടുക്കാം. എട്ട് വെളുത്തുള്ളി, അഞ്ച് വറ്റൽമുളക് എന്നിവ ഉള്ളയിലേക്ക് ചേർക്കാം. കുറച്ച് കറിവേപ്പിലയും നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളിയും ചേർക്കാം.
ഉള്ളിയുടെ നിറം മാറി വരുന്നതു വരെ ഇളക്കുക. ശേഷം അടുപ്പണയ്ക്കാം. അതിലേക്ക് രണ്ട് വറ്റൽമുളകും ആവശ്യത്തിന് കല്ലുപ്പും ചേർത്ത് നന്നായി അരച്ചെടുക്കാം. അരയ്ക്കാൻ വെള്ളം ചേർക്കേണ്ടതില്ല. ഒരു പാനിൽ അൽപ്പം എണ്ണ ഒഴിച്ച് ചൂടാക്കാം. അര ടീസ്പൂൺ കടുകും, അര ടീസ്പൂൺ ഉഴുന്നു പരിപ്പും, കുറച്ച് കറിവേപ്പിലയും ചേർത്ത് വറുക്കാം. അരച്ചെടുത്ത ചമ്മന്തിയിലേക്ക് ഇത് ചേർത്ത് ദോശക്കൊപ്പം കഴിച്ചു നോക്കൂ.