പാലക്കാട്: കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം ആദ്യമായി സന്ദീപ് വാര്യര്‍ കെ മുരളീധരൊപ്പം വേദി പങ്കിട്ടു. ശ്രീകൃഷ്ണപുരത്തെ സൊസൈറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും കണ്ടുമുട്ടിയത്. മുരളീധരനെ മുരളിയേട്ടൻ എന്ന് അഭിസംബോധന ചെയ്തായിരുന്നു പ്രസംഗം.
ആന, കടൽ, മോഹൻലാൽ, കെ. മുരളീധരൻ ഈ നാല് കാര്യങ്ങളും മലയാളികൾക്ക് ഒരിക്കലും മടുക്കില്ലെന്നായിരുന്നു മുരളീധരനെക്കുറിച്ച് സന്ദീപിന്റെ പ്രതികരണം. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി കെ. കരുണാകരനാണ്. ബിജെപിയിൽ നിൽക്കുമ്പോൾ തന്നെ താൻ ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ പ്രതിരൂപമായ മകന്റെ അനുഗ്രഹം വാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സന്ദീപ് പറഞ്ഞു.
”ആന, കടൽ, മോഹൻലാൽ, കെ. മുരളീധരൻ ഈ നാല് കാര്യങ്ങളും മലയാളികൾക്ക് ഒരിക്കലും മടുക്കില്ല. മലയാളികൾ ഏറ്റവും പ്രധാന്യം കൊടുക്കുന്ന നാല് കാര്യങ്ങളാണിത്. കെ. മുരളീധരനെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിന്തുണയും സ്‌നേഹവും ആവശ്യമുണ്ട്. ഞാൻ ഇപ്പോൾ കോൺഗ്രസുകാരനാണ്. കോൺഗ്രസിനൊപ്പമുണ്ടാകും”-സന്ദീപ് പറഞ്ഞു.
സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയതിൽ മുരളീധരൻ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് ചർച്ചകൾക്കൊടുവിലാണ് ഭിന്നതകൾ പരിഹരിച്ചത്. തുടർന്ന് ഇരുവരും ശ്രീകൃഷ്ണപുരത്തെ സൊസൈറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഒരുമിച്ച് വേദിയിലെത്തി. സന്ദീപ് വാര്യർ പൂർണ കോൺഗ്രസുകാരനായി മാറിയെന്നായിരുന്നു മുരളിയുടെ പ്രതികരണം.
കോൺഗ്രസ് പാർട്ടിയുടെ മുതൽക്കൂട്ടായി സന്ദീപ് നിൽക്കും. രാഹുൽ ഗാന്ധിക്ക് സന്ദീപ് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിൽ കൂടുതൽ ഞങ്ങൾക്ക് ഒന്നും ആവശ്യമില്ല. കാരണം ഇന്ത്യയുടെ പ്രതീക്ഷയാണ് രാഹുൽ ഗാന്ധി. രാഹുലിനൊപ്പം നിൽക്കാൻ തീരുമാനിച്ച അന്ന് മുതൽ സന്ദീപിനെ കോൺഗ്രസ് ചേർത്തുപിടിച്ചെന്നും മുരളി വ്യക്തമാക്കി.