എത് സൂപ്പ് വേണം എന്ന് ചോദിച്ചാൽ അധികം ആളുകളും തിരഞ്ഞെടുക്കുക ചിക്കൻ സ്വീറ്റ് കോൺ സൂപ്പായിരിക്കും. അൽപ്പം സ്പൈസിയും എന്നാൽ കൊതിപ്പിക്കുന്ന രുചിയുമാണ് ഇതിൻ്റെ പ്രത്യേകത. ഈ രുചി കടയിൽ കിട്ടുന്ന സൂപ്പിന് മാത്രമേ ഉള്ളൂ എന്നാണോ ചിന്തിക്കുന്നത്?. എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ തീൻമേശയിൽ നല്ല ചൂടൻ സൂപ്പ് റെഡി.
ചേരുവകൾ
ചിക്കൻ- 200 ഗ്രാം
കാരറ്റ്- 1/2 കപ്പ്
സവാള- 1/4 കപ്പ്
ഇഞ്ചി വെളുത്തുള്ളി അരച്ചത്- 1 ടേബിൾസ്പൂൺ
ഒലിവ് എണ്ണ- 1 ടീസ്പൂൺ
കുരുമുളകുപൊടി- 1 ടാസ്പീൺ
വെള്ളം- 3 കപ്പ്
ഉപ്പ്- ആവശ്യത്തിന്
ചോളം- 1/2 കപ്പ്
സോയ സോസ്- 1 ടേബിൾസ്പൂൺ
കോൺഫ്ലോർ-1 ടേബിൾസ്പൂൺ
നാരങ്ങ- 1
മുട്ട- 1
200 ഗ്രാം എല്ലില്ലാത്ത ചിക്കൻ കഴുകി വൃത്തിയാക്കിയെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചിക്കൻ കഷ്ണങ്ങൾ അതിലേക്കു മാറ്റുക. കാരറ്റ് ചെറുതായി അരിഞ്ഞത് അര കപ്പ്, കാൽ കപ്പ് സവാള അരിഞ്ഞത്, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ഒരു ടേബിൾസ്പൂൺ, ഒരു ടീസ്പൂൺ ഒലിവ് എണ്ണ, ഒരു ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർക്കുക. ഇതിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ച് അടച്ചു വച്ച് അൽപ്പ സമയം വേവിക്കുക. തിളച്ചു വരുമ്പോൾ അര കപ്പ് ചോളം വേവിച്ചതു ചേർക്കാം. വെള്ളത്തിൽ നിന്ന് വെന്ത ചിക്കൻ മാറ്റി ചെറിയ കഷ്ണങ്ങളാക്കി വേർപെടുത്തുക. അത് വീണ്ടും വെള്ളത്തിലേക്കു ചേർക്കുക. ഒരു ടേബിൾസ്പൂൺ സോയ സോസ് ചേർത്തിളക്കുക. ഒരു ടേബിൾസ്പൂൺ കോൺഫ്ലോർ മൂന്ന് ടേബിൾസ്പൂൺ വെള്ളത്തിൽ കലർത്തിയത് ചേർക്കുക. ആവശ്യത്തിന് ഉപ്പും, നാരങ്ങ നീരും, ഒപ്പം ഒരു മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കി യോജിപ്പിക്കുക. നന്നായി തിളച്ചു വന്ന സൂപ്പ് അടുപ്പിൽ നിന്ന് മാറ്റാം. ചൂടോടെ തന്നെ കഴിച്ചു നോക്കൂ.