മീൻ പുളിയില ചുട്ടത് എപ്പോഴെങ്കിലും ട്രൈ ചെയ്തിട്ടുണ്ടോ?. കേൾക്കുമ്പോൾ അതിശയം തോന്നിയേക്കാം, എന്നാൽ കൊതിപ്പിക്കുന്ന മണവും രുചിയുമാണ്. വാളൻപുളിയുടെ ഇളം ഇലകൾ തേങ്ങയും കാന്താരിയും ചേർത്ത് അരച്ചെടുക്കുക. ചെറിയ നത്തോലി, മത്തി, പൊടി മീനുകൾ, ഇവയിൽ ഏതിലെങ്കിലും പുരട്ടി വാഴയുടെ ഇലയിൽ വച്ച് ചുട്ടെടുത്താൽ മതിയാകും.
ചേരുവകൾ
വാളൻപുളി ഇല
കാന്താരി
ചുവന്നുള്ളി
വെളുത്തുള്ളി
തേങ്ങ
ഉപ്പ്
മഞ്ഞൾപ്പൊടി
വെളിച്ചെണ്ണ
വാഴയില
നത്തോലി
തയ്യാറാക്കുന്ന വിധം
വാളൻപുളിയുടെ ഇളം ഇലകൾ വേർപെടുത്തി എരിവിനനുസരിച്ച് കാന്താരി മുളകും, ചുവന്നുള്ളി അരിഞ്ഞതും, വെളുത്തുള്ളി ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞതും, അൽപ്പം തേങ്ങ ചിരകിയതും, ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് അരച്ചെടുക്കുക. അതിലേയ്ക്ക് അൽപ്പം മഞ്ഞൾപ്പൊടി ചേർത്തിളക്കുക. കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന നത്തോലിയിലേക്ക് ഈ അരപ്പ് ചേർത്തിളക്കി യോജിപ്പിക്കുക. അൽപ്പ സമയം മാറ്റി വയ്ക്കുക. ശേഷം കുറച്ച് വെളിച്ചെണ്ണ ഒഴിച്ചിളക്കി ഒരു വാഴിലയിലേക്ക് മാറ്റി അടയുടെ ആകൃതിയിൽ മടക്കുക. അടി കട്ടിയുള്ള ഒരു പാത്രം അല്ലെങ്കിൽ ചീനച്ചട്ടി അടുപ്പിൽ വച്ച് വാഴയില അതിലേക്കു മാറ്റി ഇരു വശവും ചുട്ടെടുക്കുക. ചൂടോടെ തന്നെ ചോറിനൊപ്പം കഴിച്ചു നോക്കൂ.