മംഗളൂരു: ഉച്ചിലയിലെ റിസോർട്ടിൽ മൂന്ന് വിദ്യാർഥിനികൾ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ റിസോർട്ട് ഉടമ അറസ്റ്റിൽ. വാസ്‌കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ പുത്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റിസോർട്ടിന്റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും സസ്‌പെൻഡ് ചെയ്തു. വിദ്യാർഥിനികൾക്ക് നീന്തൽ വശമില്ലാത്തതാണു മരണത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ രാവിലെയാണ് സോമേശ്വര ഉച്ചിലയിലെ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൈസൂരു സ്വദേശികളായ നിഷിത എം.ഡി, പാർവതി എസ്, കീർത്തന എന്നിവർ മുങ്ങിമരിച്ചത്. മൂവരും മൈസൂരിൽ അവസാന വർഷ എഞ്ചിനീയറിങ് വിദ്യാർഥിനികളായിരുന്നു. നീന്തൽകുളത്തിൽ പാലിക്കേണ്ട നിർദേശങ്ങൾ റിസോർട്ട് അവഗണിച്ചതാണ് അപകടത്തിന് കാരണം. സ്ഥലത്ത് ലൈഫ് ഗാർഡുകളുണ്ടായിരുന്നില്ല. കുളത്തിന്റെ ആഴം സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നില്ല.