Kerala

കുറ്റവാളികളുടെ മാനസിക പരിവര്‍ത്തനത്തിന് പ്രൊബേഷന്‍ സമ്പ്രദായം ഫലപ്രദം: മന്ത്രി ഡോ. ബിന്ദു

കുറ്റവാളികളുടെ മാനസിക പരിവര്‍ത്തനത്തിനും സാമൂഹിക പുനരധിവാസത്തിനും ഊന്നല്‍ നല്‍കി സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനുള്ള മികച്ച മാര്‍ഗമാണ് പ്രൊബേഷന്‍ സംവിധാനമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. സംസ്ഥാനതല പ്രൊബേഷന്‍ദിന പരിപാടിയുടെ ഉദ്ഘാടനം കേരള ലോ അക്കാദമി ഹാളില്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുറ്റകൃത്യങ്ങളുടെ ആവര്‍ത്തനം തടയുന്നതിനും ജയിലുകള്‍ തടവുകാരെക്കൊണ്ട് തിങ്ങി നിറയുന്ന അവസ്ഥ ഒഴിവാക്കുന്നതിനും കുറ്റകൃത്യങ്ങള്‍ കുറഞ്ഞ സമൂഹം സൃഷ്ടിക്കുന്നതിനും പ്രൊബേഷന്‍ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നത് വഴി സാധിക്കും.

സാമൂഹ്യ പ്രതിരോധ മേഖലയില്‍ മാതൃകാപരമായ പദ്ധതികള്‍ നടപ്പിലാക്കിവരുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ പ്രഥമ നിയമ മന്ത്രിയും പ്രഗല്‍ഭനായ ന്യായാധിപനുമായിരുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍15പ്രൊബേഷന്‍ ദിനമായി സര്‍ക്കാര്‍ ആചരിക്കുന്നതിന്റെ ഭാഗമായാണ് സാമൂഹ്യനീതി വകുപ്പ് പരിപാടി സംഘടിപ്പിച്ചത്. വി.കെ പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം പ്രൊഫ. മിനി സുകുമാര്‍,കേരള ലോ അക്കാദമി ഡയറക്ടര്‍ പ്രൊഫ. കെ.അനില്‍കുമാര്‍,ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ ലക്ഷ്മി .കെ, സാമൂഹ്യനീതി ഡയറക്ടര്‍ പ്രിയങ്ക ജി,അഡീഷണല്‍ ഡയറക്ടര്‍ ജലജ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രൊബേഷന്‍ ഓഫ് ഒഫന്റേഴ്‌സ് ആക്ട്, 1958എന്ന വിഷയത്തില്‍ കേരള നിയമസഭാ സെക്രട്ടറി ഡോ.എന്‍. കൃഷ്ണകുമാര്‍,പ്രൊബേഷന്‍ സംവിധാനത്തിന്റെ സാമൂഹിക പ്രസക്തി എന്ന വിഷയത്തില്‍ ഗവ. ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫ. സഫി മോഹന്‍,സാമൂഹ്യ പ്രതിരോധ മേഖലയില്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ എന്ന വിഷയത്തില്‍ സാമൂഹ്യ നീതി ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ അഷ്റഫ് കാവില്‍ എന്നിവര്‍ ക്ലാസെടുത്തു. പ്രൊബേഷന്‍ ഓഫ് ഒഫന്റേഴ്‌സ് ആക്ട്, 1958പ്രകാരമുള്ള നല്ലനടപ്പ് സംവിധാനത്തെക്കുറിച്ചും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ മാനസിക പരിവര്‍ത്തനവും സാമൂഹിക പുനരധിവാസവും സംബന്ധിച്ചും സാമൂഹ്യ പ്രതിരോധ മേഖലയില്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് പ്രൊബേഷന്‍ ദിനാചരണത്തിന്റെ ലക്ഷ്യം.

CONTENT HIGHLIGHTS;Probation system is effective for the mental transformation of criminals: Minister Dr. the point