പ്ലാന്‍റേഷന്‍ മേഖലയുടെ വൈവിദ്ധ്യവത്കരണത്തെക്കുറിച്ച് ഐഐഎം കോഴിക്കോടിന്‍റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള നയം അവതരിപ്പിക്കുന്നതോടെ ഈ മേഖലയില്‍ വലിയ തോതിലുള്ള നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഇന്‍വസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്ഐഡിസി സംഘടിപ്പിച്ച പ്ലാന്‍റേഷന്‍, ഹൈടെക് ഫാമിംഗ്, മൂല്യവര്‍ധിത റബര്‍ ഉത്പന്നങ്ങള്‍ എന്നീ വ്യവസായങ്ങളുടെ മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്ലാന്‍റേഷന്‍ മേഖലയുടെ വൈവിദ്ധ്യവത്കരണത്തെക്കുറിച്ച് ഐഐഎം കോഴിക്കോട് നടത്തിയ പഠനം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. എല്ലാ പങ്കാളികളുമായി ചര്‍ച്ച ചെയ്ത് പുതിയ നയം അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഈ സാധ്യത ഉപയോഗപ്പെടുത്തിയാല്‍ വലിയ തോതിലുള്ള നിക്ഷേപമാണ് തോട്ടം മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ കെ-സ്വഫ്റ്റ് വഴി ഒരുമിനിറ്റ് മതിയെന്ന് മന്ത്രി പറഞ്ഞു. നിയമപരമായ ബാധ്യതകള്‍ പൂര്‍ത്തിയാക്കിയാല്‍ മൂന്നരവര്‍ഷം കൊണ്ട് ലൈസന്‍സ് എടുത്താല്‍ മതിയാകും. കെ-സ്വഫ്റ്റിന്‍റെ പ്രിന്‍സിപ്പല്‍ അനുമതി പത്രം വഴി വായ്പയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലളിതമാക്കും. വ്യവസായങ്ങളുടെ പ്രവര്‍ത്തനത്തിന് സഹായകരമാകുന്ന നിയമഭേദഗതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ വ്യവസായികള്‍ തന്നെ ശ്രമിക്കണം. കൂട്ടായ പ്രയത്നത്തിന്‍റെ ഭാഗമായാണ് വ്യവസായസൗഹൃദത്തില്‍ കേരളം ഒന്നാമതെത്തിയതെന്നും മന്ത്രി പറഞ്ഞു.വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് പുതിയ വ്യവസായ നയത്തെക്കുറിച്ച് അവതരണം നടത്തി. കെഎസ്ഐഡിസി എംഡി എസ് ഹരികിഷോര്‍ സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍ നന്ദിയും രേഖപ്പെടുത്തി.
ഹൈടെക് ഫാമിംഗ് ആന്‍ഡ് വാല്യു ആഡഡ് റബര്‍ എന്ന വിഷയത്തില്‍ റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം വസന്തഗേശന്‍, പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍ എംഡി ഡോ. ജെയിംസ് ജേക്കബ്, റബ്ഫില എം ഡി കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാനല്‍ ചര്‍ച്ച നടത്തി. രാജ്യത്തെ സ്വാഭാവിക റബറിന്‍റെ 71 ശതമാനവും ഉത്പാദിപ്പിക്കുന്ന കേരളത്തിന് മൂല്യവര്‍ധിത റബര്‍ ഉത്പന്നവ്യവസായങ്ങള്‍ വരേണ്ടത് അത്യാവശ്യമാണ്. ഈ മേഖലയിലെ സാധ്യതകളെ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ സക്രിയ ശ്രമങ്ങള്‍ വേണമെന്ന് പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.പഴക്കം ചെന്ന റബര്‍ റീപ്ലാന്‍റ് ചെയ്യുകയും ആധുനിക പ്ലാന്‍റേഷന്‍ രീതികള്‍ അവലംബിക്കുകയും ചെയ്താല്‍ മാത്രമേ സ്വാഭാവിക റബര്‍ ഉത്പാദനം താഴേക്കു പോകാതെ നിലനിറുത്താനാകൂ എന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.