വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട നിക്ഷേപ സാധ്യതകള്‍ പരിശോധിക്കുന്നതിനായി ജനുവരിയില്‍ നടക്കുന്ന ആദ്യത്തെ രാജ്യാന്തര കോണ്‍ക്ലേവില്‍ തുറമുഖേതര വ്യവസായങ്ങളെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ക്ക് വഴിതുറക്കും. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, മാനുഫാക്ചറിംഗ് മേഖലകളിലെ നിക്ഷേപ സാധ്യതകള്‍ ഈ രംഗത്തെ വിദഗ്ദ്ധര്‍ അവതരിപ്പിക്കും. കണ്ടെയ്‌നര്‍ ഫ്രെയ്റ്റ് സ്റ്റേഷന്‍, കണ്ടെയ്‌നര്‍ യാര്‍ഡ്, എക്യുപ്‌മെന്റ് റിപ്പയര്‍ യൂണിറ്റുകള്‍, വെയര്‍ഹൗസുകള്‍, ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ തുടങ്ങി ഷിപ്പിംഗുമായി ബന്ധപ്പെട്ട ഒട്ടേറെ സാധ്യതകള്‍ വിഴിഞ്ഞം മുന്നോട്ടുവയ്ക്കുന്നുണ്ട്. അതോടൊപ്പം പാരമ്പര്യേതര ഊര്‍ജ്ജം, ഫിഷറീസ്, അക്വാകള്‍ച്ചര്‍ തുടങ്ങിയവയിലെ നിക്ഷേപസാധ്യതകളും കോണ്‍ക്ലേവ് അനാവരണം ചെയ്യും. ജനുവരി 29നും 30നും തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് കോണ്‍ക്ലേവ് നടക്കുക.
ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ സഹകരണത്തോടെ കെഎസ്ഐഡിസി, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘വിഴിഞ്ഞം കോണ്‍ക്ലേവ് 2024, ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് സമ്മിറ്റ്’ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ഉദ്ഘാടനം ചെയ്യുക. വിഴിഞ്ഞം തുറമുഖം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതിനൊപ്പംതന്നെ അതോടനുബന്ധിച്ചുള്ള വ്യാവസായിക സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ മറ്റ് തുറമുഖങ്ങളോടനുബന്ധിച്ച് വിജയകരമായ രീതിയില്‍ നടത്തപ്പെടുന്ന വ്യവസായങ്ങളുടേയും കമ്പനികളുടേയും പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. മറ്റു തുറമുഖങ്ങളോടനുബന്ധിച്ചുള്ള കമ്പനികളെ ഇവിടെ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നതിനൊപ്പം കേരളത്തിനകത്തുള്ള കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയുടെ നിക്ഷേപ സാധ്യതകളും വിശകലനം ചെയ്യും. നിക്ഷേപം നടത്താന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന സെഷനുകള്‍ക്ക് കോണ്‍ക്ലേവില്‍ പ്രാധാന്യം നല്‍കും. ബിസിനസ് ലീഡര്‍മാരുമായി പ്രതിനിധികള്‍ക്ക് നേരിട്ട് സംവദിക്കാനുള്ള അവസരമായിരിക്കും പ്രധാനമായും ഒരുക്കുക. നിക്ഷേപക കേന്ദ്രീകൃതമായ നയങ്ങളും നേട്ടങ്ങളും കോണ്‍ക്ലേവില്‍ അവതരിപ്പിക്കപ്പെടും.
സംസ്ഥാനത്ത് വലിയതോതില്‍ നിക്ഷേപം കൊണ്ടുവരുന്നതിനൊപ്പം തുറമുഖം നേരിട്ട് ഒരുക്കുന്നതിന്റെ പതിന്മടങ്ങ് തൊഴില്‍സാധ്യതകളാണ് അനുബന്ധവ്യവസായങ്ങളിലൂടെ ഉണ്ടാകുക. ഇതേപ്പറ്റി പ്രാദേശിക സമൂഹങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന മാതൃകയാക്കി വിഴിഞ്ഞത്തെ വളര്‍ത്തിയെടുക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ക്ലേവില്‍ തുടക്കമാകും. പദ്ധതി പ്രദേശത്തിനൊപ്പം വികസിപ്പിക്കുന്ന ഔട്ടര്‍ ഏരിയ ഗ്രോത് കോറിഡോര്‍ പദ്ധതിയുടെ വ്യാവസായിക സാധ്യതകളും കോണ്‍ക്ലേവിന്റെ അജണ്ടയിലുണ്ട്. ആഗോള വിതരണ ശൃംഖലയില്‍ കേരളത്തിന്റെ പങ്കാളിത്തം ശക്തിപ്പെടുത്താനും ഇന്ത്യയുടെ സമുദ്രസമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കാനും കോണ്‍ക്ലേവ് ലക്ഷ്യമിടുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന 300 പ്രതിനിധികള്‍ക്കാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.