ഡിസംബറിൽ യാത്രപോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഉറപ്പായും ആ ലിസ്റ്റിൽ ചേർത്തിരിക്കേണ്ട ഒരിടമാണ് തിരുവനന്തപുരത്തെ പൊന്മുടി.
മനോഹരമായ കാടും ചെറുകുന്നുകളും നിറഞ്ഞ പ്രദേശമാണ് പൊന്മുടി. നഗരത്തിനടുത്ത് ഇത്ര ശാന്തവും പ്രകൃതിസുന്ദരവുമായ ഒരിടമുണ്ടെന്ന് നമ്മൾ സ്വപ്നത്തിൽ പോലും ചിന്തിക്കില്ല. മനം കവരുന്ന കാഴച്ചകളാണ് പൊന്മുടിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. പൊന്മുടിയിലേക്കുള്ള യാത്ര തുടങ്ങി അരമണിക്കൂര്‍ പോലും പിന്നിടേണ്ട, ഉയരം കൂടുന്ന ഭൂപ്രകൃതിയും ചെറുകുന്നുകളും പച്ചപ്പും തണുത്ത കാറ്റും നമ്മെ സ്വാഗതം ചെയ്യും. നിമിഷനേരം കൊണ്ട് മുഖഭാവങ്ങൾ മാറിമറയുന്ന പൊന്മുടിയിൽ നിഷ്‌കളങ്കമായ ഗ്രാമീണക്കാഴ്ച്ചകളും ആസ്വദിക്കാം. വെള്ളച്ചാട്ടങ്ങൾ, കാട്ടരുവികൾ, പച്ചപ്പ് നിറഞ്ഞ കുന്നുകൾ, തേയിലത്തോട്ടങ്ങൾ എന്നിവയാൽ മനോഹരമാണ് ഇവിടം. കിലോമീറ്ററുകളോളം നീളുന്ന ഹെയർപിൻ വളവുകൾ കയറി പൊന്മുടിയുടെ മുകളിൽ എത്തിയാൽ മഞ്ഞു പെയ്തിറങ്ങുന്ന മലനിരകൾ കാണാം.
വൈകിട്ടാവുമ്പോഴേക്കും മൂടല്‍മഞ്ഞു പരക്കുന്ന പൊന്മുടിയില്‍ താമസത്തിനും സൗകര്യങ്ങളുണ്ട്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പൊൻമുടിയിൽ ഉത്ഭവിക്കുന്ന
നദിയാണ് കല്ലാർ. ഉരുളൻ കല്ലുകളും, വെള്ളച്ചാട്ടവും, മത്സ്യങ്ങളുമെല്ലാം കല്ലാറിന്‍റെ ആകർഷണങ്ങളിൽ പെടുന്നു. വിതുര മീൻമുട്ടി വെള്ളച്ചാട്ടവും ഈ പ്രദേശത്തെ മറ്റൊരു ആകർഷണങ്ങളാണ്. വിതുര ടൗണിൽ നിന്ന് ഇടത്തേക്ക് പോയാൽ പൊന്മുടിയിലേക്ക് എത്താം.