Environment

മുന്നൂറിലധികം വർഷം പഴക്കം; ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തി | worlds-largest-coral-reef-solomon-islands

100 അടി നീളമുള്ള ഈ പവിഴപ്പുറ്റിന്റെ പഴക്കം മുന്നൂറിലധികം വർഷങ്ങളാണ്

സോളമൻ ദ്വീപിൽ ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശാസ്ത്രജ്ഞർ കണ്ടെത്തി. നാഷനൽ ജ്യോഗ്രഫിക് പ്രിസ്റ്റീൻ സീ എക്‌സ്പഡീഷൻ എന്ന പര്യവേക്ഷണത്തിനിടെയാണ് ഈ പവിഴപ്പുറ്റ് കണ്ടെത്തിയത്. 100 അടി നീളമുള്ള ഈ പവിഴപ്പുറ്റിന്റെ പഴക്കം മുന്നൂറിലധികം വർഷങ്ങളാണ്. ബഹിരാകാശത്തുനിന്നു പോലും കാണാവുന്ന തരത്തിലുള്ളതാണ് ഈ പവിഴപ്പുറ്റ്.

മുൻപ് ഈ റെക്കോർഡിന്റെ ഉടമയായ പവിഴപ്പുറ്റിന് ഇപ്പോൾ കണ്ടെത്തിയതിന്‌റെ മൂന്നിലൊന്ന് വലുപ്പമേ ഉള്ളൂ. അമേരിക്കൻ സമോവ ദ്വീപിലാണ് ഇതു കണ്ടെത്തിയിരുന്നത്. പല പവിഴപ്പുറ്റുകളും പല ചെറുജീവികളുടെ കൂട്ടമാണ്. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന പവിഴപ്പുറ്റ് ഒരൊറ്റ ജീവജാലം വളർച്ച പ്രാപിച്ചതാണ്. ഒരു കപ്പൽഛേദം നടന്നതുപോലെയാണ് ഇതു കണ്ടാൽ. ബ്രൗൺ നിറമുള്ളതിനാലാണ് ഇത്.

മീനുകൾ, ഞണ്ടുകൾ, കൊഞ്ചുകൾ തുടങ്ങി അനേകം സമുദ്രജീവികൾക്ക് അഭയമേകുന്നതാണ് ഈ പവിഴപ്പുറ്റ്. വിദൂരമേഖലയിൽ സ്ഥിതി ചെയ്യുകയാണെങ്കിലും പാരിസ്ഥിതികമായ കുറേയേറെ ഭീഷണികൾ ഈ പവിഴപ്പുറ്റിനുണ്ടെന്നു ഗവേഷകർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം, അമിതതോതിലുള്ള മീൻപിടിത്തം, മലിനീകരണം എന്നിവയാണ് ഇവ.

STORY HIGHLLIGHTS: worlds-largest-coral-reef-solomon-islands