ചൊവ്വയിൽ ആദിമകാലത്ത് വെള്ളമുണ്ടെന്നു സ്ഥിരീകരിക്കാൻ നിർണ്ണായകമായൊരു കണ്ടെത്തൽ നടത്തിരിക്കുകയാണ് ശാസ്ത്രജ്ഞർ. വർഷങ്ങൾ മുൻപ് ഒരു ഛിന്നഗ്രഹം ചുവന്ന ഗ്രഹമായ ചൊവ്വയിലേക്ക് ഇടിച്ചിറങ്ങിയിരുന്നു. ഇതെത്തുടർന്ന് ചൊവ്വയിൽ നിന്ന് പാറകൾ പൊട്ടിയടർന്നിരുന്നു. ഇത്തരത്തിൽ ചൊവ്വയിൽ നിന്നു പുറപ്പെട്ട പാറകളിലൊന്ന് ഭൂമിയിലേക്ക് പുറപ്പെടുകയും ഇവിടെ പതിക്കുകയും ചെയ്തു. വിശ്വവിഖ്യാതമായ പർഡ്യൂ സർവകലാശാലയുടെ സമീപത്തായാണ് ഈ പാറക്കഷ്ണങ്ങൾ പതിച്ചത്.
ലാഫായെറ്റ് ഉൽക്ക എന്ന പേരുള്ള ഈ ചൊവ്വാക്കല്ല് പിന്നീട് കണ്ടെത്തിയത് പർഡ്യൂ സർവകലാശാലയിൽ ഒരു ഡ്രോയറിനുള്ളിലാണ്. 1931ൽ ആയിരുന്നു ഇത്. എന്നാൽ ഈ കണ്ടെത്തലിന് ഏകദേശം ഒരു നൂറ്റാണ്ടാകുന്ന ഈ കാലത്ത് നിർണായകമായൊരു കണ്ടെത്തൽ നടത്താൻ സഹായിച്ചിരിക്കുകയാണ്. ചൊവ്വയിൽ ആദിമകാലത്ത് വെള്ളമുണ്ടെന്നു സ്ഥിരീകരിക്കാൻ ഈ കല്ല് ഉപകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു കണ്ടെത്തൽ കൂടി ഇതുവഴി സാധിച്ചു. 74.2 കോടി വർഷം മുൻപായിരുന്നു ചൊവ്വയിൽ വെള്ളമുണ്ടായിരുന്നതെന്ന് കണ്ടെത്താനാണ് ഇതുപകരിച്ചത്.
കല്ലിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ അത് ചൊവ്വയിലെ ആദിമകാല ജലവുമായി രാസപ്രവർത്തനം നടത്തിയിട്ടുണ്ടെന്നു തെളിഞ്ഞു. ജിയോക്കെമിക്കൽ പെർസ്പെക്ടീവ് ലെറ്റേഴ്സ് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. പർഡ്യൂ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ മാരിസ ട്രെംബ്ലെയും സംഘവുമാണ് ഗവേഷണത്തിനു പിന്നിൽ. ഹീലിയം, നിയോൺ, ആർഗൻ തുടങ്ങിയ നോബിൾ വാതകങ്ങൾ ഉപയോഗിച്ചായിരുന്നു ഗവേഷണം. എന്നാൽ എങ്ങനെയാണ് പർഡ്യൂവിലെ മേശവലിപ്പിൽ ഈ ചൊവ്വാക്കല്ല് എത്തിയെന്നത് ഇന്നും നിശ്ചയമില്ലാത്ത കാര്യം.
STORY HIGHLLIGHTS : mars-rock-hidden-in-desk-drawer-rewrites-red-planets-water-history