Health

മാതളനാരങ്ങ തൊലി ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. ആന്‍റി ഓക്സിഡന്‍റുകളും, വിറ്റാമിൻ എ, സി, കെ, ബി, ഇ തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. കൂടാതെ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവയും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്. മാതളം പോലെ തന്നെ അവയുടെ തൊലിക്കും നിരവധി ഗുണങ്ങളുണ്ട്. അതിനാല്‍ തന്നെ മാതളനാരങ്ങ തൊലി കൊണ്ടുള്ള ചായ കുടിക്കുന്നത് നല്ലതാണ്. ഇവ തയ്യാറാക്കാനായി ആദ്യം 10 ഗ്രാം മാതളനാരങ്ങ തൊലി ഒരു കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. തിളച്ചതിന് ശേഷം അഞ്ച് മിനിറ്റ് ഇവ മൂടിവെക്കുക. തണുത്തതിന് ശേഷം അരിച്ച് കുടിക്കാം. ഇവയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ആന്‍റി ഓക്‌സിഡന്‍റ്, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മാതളനാരങ്ങ തൊലി ചായ ചുമയും തൊണ്ടവേദനയും ശമിപ്പിക്കാൻ ഫലപ്രദമാണ്. മാതള നാരങ്ങ ചായ കുടിക്കുന്നത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്‍റി ഓക്‌സിഡന്‍റ്, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഇവ ആര്‍ത്രൈറ്റിസ്, ഗൗട്ട് എന്നീ രോഗ ലക്ഷണങ്ങളെ കുറയ്ക്കാനും ഗുണം ചെയ്യും. ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുള്ളതിനാല്‍ മാതളനാരങ്ങ ചായ കുടിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും ഗുണം ചെയ്യും.

മാതളത്തിന്‍റെ തൊലിയിലും ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹന പ്രശ്‌നങ്ങൾക്കും പ്രമേഹം നിയന്ത്രിക്കാനും മാതളനാരങ്ങ തൊലി ചേര്‍ത്ത ചായ കുടിക്കാം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗ പ്രതിരോധശേഷിക്കും നല്ലതാണ്. ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ മാതളനാരങ്ങ തൊലി ചായ കുടിക്കുന്നത് മുഖക്കുരുവിനെ അകറ്റാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.