കൊച്ചി: ശബരിമല തീർഥാടകരുടെ ബസുകളിൽ അധിക ഫിറ്റിംഗുകൾ പാടില്ലെന്ന് ഹൈക്കോടതി. തീർഥാടകരുമായി എത്തുന്ന വാഹനങ്ങളിൽ അനധികൃതമായി എൽഇഡി ബൾബുകൾ ഉൾപ്പെടെയുള്ള അധിക ഫിറ്റിങ്ങുകൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഇക്കാര്യത്തിൽ ഡ്രൈവർമാർക്കു ബോധവൽക്കരണം നടത്തണമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശം നൽകി.
പമ്പ- നിലയ്ക്കൽ പാതയിലെ ചാലക്കയത്തിനു സമീപം 17നു ബസ് കത്തിയ സംഭവത്തിൽ ഇന്ന് റിപ്പോർട്ട് നൽകാനാണു നിർദേശം നൽകിയത്. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഫിറ്റ്നസ് സർട്ടിഫിക്കറ്റിനു 2025വരെ സാധുത ഉണ്ടായിരുന്നെന്നും 8 വർഷവും രണ്ടു മാസവും പഴക്കമുള്ള ബസ് ആയിരുന്നു ഇതെന്നും കെഎസ്ആർടിസിയുടെ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണു കോടതി റിപ്പോർട്ട് തേടിയത്. വാഹനങ്ങളിൽ അധിക ഫിറ്റിങ്ങുകൾ ഇല്ലെന്നുറപ്പാക്കാൻ ശബരിമല സേഫ് സോൺ പദ്ധതി പ്രകാരം 2022ൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ ഉറപ്പാക്കണം. എല്ലാ എൻഫോഴ്സ്മെന്റ് ഓഫിസർമാർക്കും ഇതിനുള്ള നിർദേശം നൽകണമെന്നും കോടതി പറഞ്ഞു.