Kerala

പാലക്കാട് നാളെ വിധിയെഴുതും; ഇന്ന് നിശബ്ദപ്രചാരണവുമായി സ്ഥാനാർഥികൾ

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ നാളെ വിധിയെഴുത്ത്, ഇന്ന് നിശബ്ദ പ്രചാരണം. കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സംഭവബഹുലമായ പ്രചാരണ കാലയളവിന് ശേഷമുള്ള വിധിയെഴുത്ത് മൂന്ന് മുന്നണികൾക്കും നിര്‍ണായകമാണ്. സ്ഥാനാർത്ഥികൾ മണ്ഡലത്തിലെ പ്രധാന ഭാഗങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ നടത്തും.

മണ്ഡലത്തിലുണ്ടായിരുന്ന പ്രമുഖ നേതാക്കൾ കൊട്ടിക്കലാശത്തിന് ശേഷം തിരികെ പോയി. വോട്ടിങ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. ഗവൺമെന്റ് വിക്ടോറിയ കോളേജ് ആണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രം. വോട്ടെടുപ്പിന് ശേഷം ഇതേ കേന്ദ്രത്തിലേക്ക് തന്നെ യന്ത്രങ്ങൾ തിരികെ എത്തിക്കും. ശക്തി പ്രകടനമായി മാറിയ കൊട്ടിക്കലാശത്തോടെയാണ് മണ്ഡലത്തിലെ പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചത്. പ്രചാരണത്തിലുടനീളം കണ്ട ആവേശം സമാപനത്തിലും പ്രതിഫലിച്ചു.

1,94,706 വോട്ടര്‍മാരാണ് ബുധനാഴ്ച വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം.