കൊട്ടാരക്കര: മുൻ എംഎൽഎ പി.അയിഷ പോറ്റി സജീവ രാഷ്ട്രീയം വിടുന്നു. കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ 3 തവണ പ്രതിനിധീകരിച്ച അയിഷ പോറ്റിയെ സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽനിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. പാർട്ടിയുമായി ചില വിഷയങ്ങളിൽ ഭിന്നതയുള്ള അയിഷ പോറ്റി നേരത്തേ കമ്മിറ്റികളിൽ പങ്കെടുത്തിരുന്നില്ല. സിപിഎം അനുകൂല അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററാണ് 66 വയസ്സുകാരിയായ അയിഷ പോറ്റി ഇപ്പോൾ.
എംഎൽഎ കാലാവധി കഴിഞ്ഞ ശേഷം പാർട്ടി കമ്മിറ്റികളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും അയിഷ പോറ്റി ഒഴിഞ്ഞു നിൽക്കുകയാണെന്നാണ് ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിനു പാർട്ടി നേതൃത്വം നൽകുന്ന വിശദീകരണം. പാർട്ടി നേതൃത്വവുമായുള്ള ഭിന്നത കാരണം അയിഷ പോറ്റി മനഃപൂർവം വിട്ടുനിൽക്കുകയാണെന്നാണു വിവരം. സജീവ രാഷ്ട്രീയ പ്രവർത്തനത്തിനും ഇനി ഉണ്ടാകില്ല.