മുംബൈ: മൂന്നാഴ്ച നീണ്ടുനിന്ന പരസ്യപ്രചാരണത്തിനു സമാപനം. സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങവെ ആത്മവിശ്വാസത്തിൽ മുന്നണികൾ. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങൾ ഇന്നു നിശ്ശബ്ദ പ്രചാരണ ദിനത്തിൽ നടക്കും. പോളിങ് ബൂത്തിലേക്ക് പരമാവധി വോട്ടർമാരെ എത്തിക്കാനുള്ള ശ്രമത്തിലാണു പാർട്ടികൾ. തിരഞ്ഞെടുപ്പു കമ്മിഷനും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളുമെല്ലാം വോട്ടിങ് ശതമാനം ഉയർത്താനുള്ള പ്രചാരണങ്ങൾ സജീവമാക്കി.
പ്രധാനപ്പെട്ട നേതാക്കളെല്ലാം മണ്ഡലത്തിൽ കലാശക്കൊട്ടിന് എത്തിയിരുന്നു. ബാരാമതിയിൽ അജിത് പവാറും ശരദ് പവാറും പങ്കെടുത്ത വൻസമ്മേളനങ്ങൾ നടന്നു. മലബാർ ഹില്ലിലെ മഹായുതി സ്ഥാനാർഥി മംഗൾ പ്രഭാത് ലോധ ഏകതാ റാലിയെന്ന പേരിൽ റോഡ് ഷോ നടത്തി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവരും കൊട്ടിക്കലാശം ഗംഭീരമാക്കി.