World

ഗാസയിൽ ഇസ്രായേലിൻ്റെ തീവ്രമായ ആക്രമണം; ഒറ്റ ദിവസം 76 മരണം

ഗാസ: ഇസ്രയേ‍ൽ ആക്രമണങ്ങളിൽ വിവിധയിടങ്ങളിലായി ഒറ്റ ദിവസം 76 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വടക്കൻ ഗാസയിൽ കമാൽ അദ്വാൻ ആശുപത്രിക്കു സമീപം വീടിനു നേരെ നടത്തിയ ആക്രമണത്തിൽ 17 പേരും ഖാൻ യൂനിസിലെ അഭയാർഥി ടെന്റിനുനേരെയുണ്ടായ ആക്രമണത്തിൽ 2 കുഞ്ഞുങ്ങളടക്കം 8 പേരും കൊല്ലപ്പെട്ടു. ഇതുവരെ 43,922 പലസ്തീൻകാരാണ് ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടത്.

ഇതിനിടെ, ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ കൂടാതെ 4 ഉദ്യോഗസ്ഥർ കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഹിസ്ബുല്ലയുടെ മാധ്യമവിഭാഗത്തിൽ പ്രവർത്തിച്ചിരുന്നവരാണിവർ. ഗാസയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്ക്കുള്ള ശേഷിക്കുന്ന വിഹിതമായ 25 ലക്ഷം ഡോളർ കൂടി ഇന്ത്യ ഇന്നലെ നൽകി. 2024–25 ൽ 50 ലക്ഷം ഡോളർ നൽകുമെന്ന വാഗ്ദാനമാണ് ഇന്ത്യ നിറവേറ്റിയത്.