കുടംപുളിയിട്ട് ഉഗ്രൻ സ്വാദിലൊരു മീൻ കറി വെച്ചാലോ? വളരെ രുചികരമായി എളുപ്പത്തിലൊരു മീൻ കറി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- 1: മീൻ 1kg
- 2: കുടംപുളി 6
- 3: ചെറിയ ഉള്ളി 10
- 4: ഇഞ്ചി വലിയ കഷണം
- 5: വെളുത്തുള്ളി 10
- 6 പച്ചമുളക് 6
- 7: മുളകുപൊടി 6 വലിയ സ്പൂൺ
- 8: മഞ്ഞൾ പൊടി 1 ചെറിയ സ്പൂൺ
- 9: കറിവേപ്പില
- 10: വെളിച്ചെണ്ണ 3 സ്പൂൺ
- 11:ഉപ്പ് :ആവശ്യത്തിന്
- 12: വെള്ളം 1 സ്പൂൺ
- 13:കടുക് 1 സ്പൂൺ
- 14: ഉലുവ 1 സ്പൂൺ
- 15: ഉലുവപ്പൊടി 1 ചെറിയ സ്പൂൺ
തയാറാക്കുന്ന വിധം
മീൻ ഉപ്പും, ചെറിയ കഷണം കുടംപുളി കുതിർത്തതും ചേർത്ത് കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക. ഒരു ബൗളിൽ മുളകുപൊടി അൽപം വെള്ളം ചേർത്ത് മിക്സ് ചെയ്യുക. കറി ഉണ്ടാക്കുന്ന സമയത്ത് മുളകുപൊടി കരിഞ്ഞു പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ചൂടായ മൺചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുകും, ഉലുവയും പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില വഴറ്റിയെടുക്കുക.
ചെറിയ ഉള്ളിയും, ഉപ്പും ചേർത്ത് വഴറ്റുക. ഉള്ളി വഴന്നു വരുമ്പോൾ മഞ്ഞൾ പൊടി ചേർക്കുക. മിക്സ് ചെയ്ത മുളകുപൊടി ചേർത്ത്10 മിനിട്ട് ഇളക്കി പച്ച മണം മാറ്റിയെടുക്കുക. കുടംപുളി ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കുക. ഉലുവ പൊടി ചേർക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ മീൻ കഷണങ്ങൾ ചേർക്കുക. തവികൊണ്ട് ഇളക്കാതെ ചട്ടി കൈ വച്ച് ചുറ്റിച്ചു കൊടുക്കുക. 10 മിനിട്ട് അടച്ചു വച്ച് പാകം ചെയ്യുക. കറി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. രുചിക്കു വേണ്ടി ഒരു സ്പൂൺ പച്ച വെളിച്ചെണ്ണ ചേർക്കുക. കറിവേപ്പില വിതറുക. രുചികരമായ മീൻ കറി റെഡി.