Kerala

കോഴിക്കേട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്: രോ​ഗി മരിച്ചെന്ന് പരാതി; രോഗാവസ്ഥ തിരിച്ചറിയാതെ ചികിത്സ നൽകി

കോഴിക്കോട്: മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി. കോഴിക്കോട് പേരാമ്പ്ര കൂത്താളി സ്വദേശിനി രജനിയാണ് മെഡിക്കൽ കോളേജിൽ മരിച്ചത്. നവംബർ 4 നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിയത്.

ആദ്യം നൽകിയത് മാനസിക രോഗത്തിനുള്ള ചികിത്സയാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. രോഗാവസ്ഥ തിരിച്ചറിയാതെ ചികിത്സിച്ചത് ആരോഗ്യസ്ഥിതി മോശമാക്കിയെന്നും ബന്ധുക്കൾ പറയുന്നു. അതീവ ഗുരുതരമായ ഗില്ലൈൻ ബാരി സിൻഡ്രം(Guillain-Barre syndrome) രോഗം കണ്ടുപിടിക്കാനോ അതിനുള്ള ചികിത്സ നൽകാനോ ആദ്യഘട്ടത്തിൽ മെഡിക്കൽ കോളജ് അധികൃതർക്ക് കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് രജനി മരിക്കുന്നത്. കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്.

­