Kerala

ജെബി മേത്തര്‍ എം.പി. നയിക്കുന്ന മഹിള സാഹസ് കേരള യാത്ര ജനുവരി നാലിന്

പിണറായി സര്‍ക്കാരിനെതിരെ സ്ത്രീകളുടെ കുറ്റപത്രവുമായി മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി. നയിക്കുന്ന മഹിള സാഹസ് കേരള യാത്ര ജനുവരി നാലിന് മഞ്ചേശ്വരത്ത് നിന്നാരംഭിക്കും. 1474 മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്ര സെപ്തംബര്‍ 30 ന് പാറശ്ശാലയില്‍ സമാപിക്കും. ഇന്ദിരാഗാന്ധിയുടെ ജന്മദിന ആഘോഷ പരിപാടികള്‍ക്ക് ശേഷം കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങളില്‍ വെച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. ബാനര്‍ ഉയര്‍ത്തി കേരള യാത്രയുടെ പ്രഖ്യാപനം നടത്തി. യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, കെ.പി.സി.സി ഭാരവാഹികളായ ജി.എസ്.ബാബു, ജി.സുബോധന്‍,ചെറിയാന്‍ ഫിലിപ്പ് എന്നിവരും മഹിള കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുുമാരും പങ്കെടുത്തു.
അമ്പത് വര്‍ഷത്തിന് ശേഷമാണ് ഒരു കോണ്‍ഗ്രസ് നേതാവ് പഞ്ചായത്ത്, മണ്ഡലം കേന്ദ്രങ്ങളിലൂടെ ഒരു യാത്ര നടത്തുന്നത്. 1973 ല്‍ അന്നത്തെ കെ.പി.സി.സി. പ്രസിഡന്‍ായിരുന്ന എ.കെ. ആന്റണിയാണ് മുന്‍പ് മണ്ഡലങ്ങളിലൂടെ യാത്ര നടത്തിയിട്ടുള്ളത്. സ്ത്രീ വിരുദ്ധമായ പിണറായി സര്‍ക്കാരിനെതിരെ എല്ലാ വിഭാഗം സ്ത്രീകളുടെയും പ്രതിരോധം തീര്‍ക്കുകയാണ് ജാഥയുടെ ലക്ഷ്യമെന്ന് ജെബി മേത്തര്‍ എം.പി. വിശദീകരിച്ചു.