വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ നിസാരവത്ക്കരിച്ച് ബിജെപി നേതാവ് വി.മുരളീധരൻ. ഒരു നാട് ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണെന്നും രണ്ടു പഞ്ചായത്തുകളിലെ മൂന്ന് വാർഡുകൾ മാത്രമാണ് തകർന്നതെന്നുമാണ് വി.മുരളീധരന്റെ പ്രതികരണം. വൈകാരികമായി സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നും കുറ്റപ്പെടുത്തുന്നു. ഉരുൾപൊട്ടൽ ദുരന്തത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള ഹീനമായ തന്ത്രമാണ് ഹർത്താലെന്നും വി.മുരളീധരൻ ആരോപിച്ചു. ദുരന്തബാധിതർക്ക് പുനരാധിവാസത്തിന് അടക്കം കേന്ദ്ര സഹായം ലഭിക്കാത്തതിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ വി.മുരളീധരൻ്റെ ആക്ഷേപ വാക്കുകൾ.