Health

ഉയർന്ന രക്തസമ്മർദ്ദം ഇവയ്ക്ക് കാരണമാകും

ഒരു നിശ്ചിത പ്രായത്തിന് ശേഷം ഏതൊരു വ്യക്തിയിലും ഉണ്ടാകാൻ സാധ്യതയുള്ള ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം. സാധാരണ 35 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്കാണ് ഇത്തരം അവസ്ഥകൾ കൂടുതലായി കണ്ടുവരുന്നതെങ്കിലും ഇന്നത്തെ മാറിയ ജീവിതശൈലിക്ക് അനുസൃതമായി ചെറുപ്പക്കാരിലും ഇന്നിത് കാണപ്പെടുന്നുണ്ട്. ഇതിൻ്റെ ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് വഴി നിങ്ങൾക്ക് നേരത്തെ തന്നെ ഈയവസ്ഥയെ ചികിത്സിക്കാനാവും. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ഇത്തരമൊരവസ്ഥ നിരവധി രോഗങ്ങൾക്കും കാരണമായി മാറാൻ ഇടയാക്കിയേക്കും. പതിവായി പരിശോധനകൾ നടത്തി ഇതിന്റെ ലക്ഷണം ഉണ്ടോ എന്ന് സ്വയം തിരിച്ചറിയുക അത്യാവശ്യമാണ്.

നിങ്ങളുടെ രക്തസമ്മർദ്ദം സാധാരണ നിലയേക്കാൾ ഉയർന്നതാണെങ്കിൽ അതായത് രക്തസമ്മർദ്ദത്തിന്റെ അളവ് 120/80 നേക്കാൾ അധികമാണെങ്കിൽ ഇത് ശരീരത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ, കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങളുടെ ഹൃദയ ധമനികളിലൂടെയുള്ള രക്തയോട്ടം അമിതമായി പമ്പ് ചെയ്യേണ്ടിവരുമ്പോൾ സമ്മർദ്ദം വർദ്ധിക്കുകയും ഇത് കൂടുതൽ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

 

ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാവുന്നതിൻ്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ് തലവേദന. പല കാരണങ്ങളാൽ തലവേദന ഉണ്ടാകാമെങ്കിലും, നിരന്തരമായി അടുപ്പിച്ച് നിങ്ങൾക്ക് തലവേദന ഉണ്ടാകുന്നുണ്ടെങ്കിൽ ഇടയ്ക്കിടെ രക്തസമ്മർദ്ദ നില നിരീക്ഷിക്കുന്നത് നല്ലതാണ്. രക്താതിമർദ്ദവുമായി ബന്ധപ്പെട്ട തലവേദന തലയുടെ ഇരുവശളിലുമായി ഒരുപോലെ ഉണ്ടാവുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. രക്തസമ്മർദ്ദം മൂലം ഉണ്ടാവുന്ന തലവേദനയെ ഒരു വ്യക്തി അവഗണിക്കുകയാണെങ്കിൽ പലപ്പോഴുമിത് കൂടുതൽ വഷളാകാൻ കാരണമാകുന്നു.

 

ഒരാൾക്ക് ക്ഷീണവും ബലഹീനതയും ഉണ്ടാകാൻ പല കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാന കാരണം ചിലപ്പോൾ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ സൂചകമായിരിക്കാം എന്നതാണ്. ശരീരത്തിലെ സുപ്രധാന അവയവമായ ഹൃദയം അമിതമായ അളവിൽ പ്രവർത്തിക്കേണ്ടി വരുമ്പോൾ രക്താതിമർദ്ദം ഉണ്ടാവുകയും ഇത് ശരീരത്തിൻ്റെ തളർച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു. നിങ്ങളുടെ പ്രായവും ഉയരവും ഭാരവും ഒക്കെയനുസരിച്ച് ആരോഗ്യകരമായ ശരീര ഭാരം നിലനിർത്താൻ ശ്രമിക്കുന്നതിലൂടെ നിങ്ങൾക്ക് ഈ ക്ഷീണത്തെ ഒരു പരിധിവരെ നേരിടാൻ കഴിയും. അധിക കിലോ ഭാരം വഹിക്കുന്നത് നിങ്ങൾക്ക് വേഗത്തിൽ ക്ഷീണമുണ്ടാക്കും. അമിത ഭാരം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാവുകയും ഹൃദ്രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ സജീവമായി തുടരുക, ആരോഗ്യത്തോടെ ഭക്ഷണം കഴിക്കുക. ദിവസവും വ്യായാമങ്ങളിൽ ഏർപ്പെടുക.