ബ്രിട്ടീഷ് നിർമ്മിതമായ ഗ്രാമമാണ് തിരുവനന്തപുരം ജില്ലയിലെ ബോണക്കാട്. ബ്രിട്ടീഷുകാർ കാട് വെട്ടിത്തളിച്ചാണ് ഇവിടെ തേയില കൃഷി ചെയ്തിരിക്കുന്നത്. പട്ടണത്തിൽ പോലും വൈദുതി ഇല്ലാതിരുന്ന സമയത്തും എല്ലായിടങ്ങളിലും വൈദുതി ഉണ്ടയിരുന്ന പ്രേദേശം കൂടിയാണ് ബോണക്കാട്. അൽപം നിഗൂഢത നിറഞ്ഞ സ്ഥലങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും പോയിരിക്കേണ്ട സ്ഥലമാണ് ബോണക്കാട് ബംഗ്ലാവ്. 25 ജി ബി ബംഗ്ലാവ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. മോസ്‌റ്റ് ഹോണ്ടഡ് പ്ലെയ്സ് ഇൻ കേരള എന്ന പേരിലാണ് ഗൂഗുളിൽ പോലും ബോണക്കാട് ബംഗ്ലാവിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. ബംഗ്ലാവിനെപ്പറ്റി നിരവധി പ്രേതക്കഥകളാണ് പ്രചരിക്കുന്നത്. കഥകളിൽ സത്യമുണ്ടോ എന്നും എങ്ങനെയാണ് കഥകൾ പ്രചരിച്ചതെന്നും നോക്കാം. എസ്റ്റേറ്റ് മാനേജറുടെ മകൾ ദുരൂഹസാഹചര്യത്തിൽ മരിച്ചെന്നും മനോവിഷമത്തിൽ അദ്ദേഹവും ഭാര്യയും ലണ്ടനിലേക്ക് പോയെന്നുമാണ് കഥ. സംഭവത്തിന് ശേഷം പ്രദേശവാസികളോ അതുവഴി പോയ ചിലരോ പെൺകുട്ടിയെ കണ്ടെന്ന് പറഞ്ഞെന്നാണ് ചില യൂട്യൂബർമാരുടെ വാദം. ഇതിന് പിന്നാലെയാണ് ബംഗ്ലാവിനെ ചുറ്റിപ്പറ്റി പ്രേതകഥകൾ പ്രചരിക്കാൻ തുടങ്ങിയത്.
എന്നാൽ അത്തരത്തിൽ ഒരു സംഭവമേ ഇല്ലെന്നും ഇതെല്ലാം സോഷ്യൽമീഡിയ വന്നതിന് ശേഷം പ്രചരിച്ച കള്ളകഥകൾ ആണെന്നാണ് നാട്ടുകാർ പറയുന്നത്. പ്രേതശല്യം കാരണം നാട്ടുകാർ ബോണക്കാട് വിടുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പോലും പ്രചരിച്ചിരുന്നു. എന്നാൽ സാമ്പത്തിക ബാധ്യതയെ തുടർന്നാണ് നാട്ടുകാർ ചിലരെങ്കിലും ഇവിടം ഉപേക്ഷിച്ച് പോയത്. വർഷങ്ങളായി ബോണക്കാട് താമസിക്കുന്നവർ പോലും ബോണക്കാട് ബംഗ്ലാവിൽ അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാം കെട്ടുകഥകൾ ആണെന്നും വ്യക്തമാക്കുന്നു. ബോണക്കാട് ബംഗ്ലാവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പ്രേതകഥകൾ തീർത്തും വ്യാജമാണ്.