Travel

മഹാദേവനായി സമർപ്പിച്ചിരിക്കുന്ന അത്യപൂർവ ക്ഷേത്രം; ഋഷ്യ ശൃംഗൻ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രം | sringapuram-mahadeva-temple-in-kodungallur-in-thrissur-history-legend

കേരളത്തിലെ നൂറ്റെട്ടുശിവക്ഷേത്രങ്ങളിൽ ഒന്നായ ഇവിടുത്തെ ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിരവധി ഭക്തരെ ആകർഷിക്കുന്നു

ശൃംഗപുരം മഹാദേവ ക്ഷേത്രം… ഹൈന്ദവ വിശ്വാസങ്ങളില്‍ മാത്രമല്ല, കേരളത്തിന്‍റെ ചരിത്രത്തിലും വലിയ സംഭാവനകള്‍ നല്കിയ ക്ഷേത്രങ്ങളിലൊന്ന്. തൃശൂർ ജില്ലയില്‍ കൊടുങ്ങല്ലൂരിൽ ശിവനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകളും വിശേഷങ്ങളും ഒരുപാടുണ്ട്. കേരളത്തിലെ നൂറ്റെട്ടുശിവക്ഷേത്രങ്ങളിൽ ഒന്നായ ഇവിടുത്തെ ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിരവധി ഭക്തരെ ആകർഷിക്കുന്നു. മഹാദേവൻ കിഴക്ക് ദർശനമായി നിലകൊള്ളുന്ന ഈ ക്ഷേത്രം തൃശൂർ ജില്ലയിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രം കൂടിയാണ്. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രം നിർമ്മിക്കപ്പെടുന്നത് രണ്ടാം ചേരരാജവംശക്കാലത്ത് രാജരാജ ശേഖരൻ ആണെന്നാണ് ചരിത്രം പറയുന്നത്.

രാമായണത്തിലുൾപ്പെടെ പറയുന്ന പല സംഭവങ്ങൾക്കും ഈ ക്ഷേത്രവുമായി ബന്ധമുണ്ട്.കൊടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന നാല് തളി ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രം ചേരരാജാക്കന്മാരുടെ ഭരണകാലത്ത് അത്യന്തം പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു. ക്ഷേത്രത്തിനു സമീപത്തുതന്നെയാണ് കൊടുങ്ങല്ലൂർ കൊട്ടാരവും സ്ഥിതി ചെയ്യുന്നത്. അക്കാലത്തെ ശാസനങ്ങൾ പലതും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. ശൃംഗപുരം എന്ന പേരു ക്ഷേത്രത്തിനു വന്നതുതന്നെ വലിയൊരു കഥയാണ്. രാമായണത്തിലെ ദശരഥ മഹാരാജാവ് അദ്ദേഹത്തിന് പുത്രന്മാർ ജനിക്കുവാനായി മഹർഷി ഋഷ്യ ശൃംഗന്‍റെ നേതൃത്വത്തിൽ പുത്രകാമേഷ്ടിയാഗം നടത്തിയിരുന്നുവത്രെ. ഇതു കഴിഞ്ഞാണ് അദ്ദേഹത്തിന് രാമനും ലക്ഷ്മണനും ഉൾപ്പെടെയുള്ള പുത്രന്മാർ ജനിക്കുന്നതത്രെ. പിന്നീട് ഇതേ ഋഷ്യ ശൃംഗനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നും പ്രതിഷ്ഠ നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. പിന്നീട്, കാലം പോകെ, അദ്ദേഹം സ്ഥാപിച്ച ക്ഷേത്രത്തിന്റെ സ്ഥലമായ ഋഷ്യശൃംഗപുരം , ശൃംഗപുരമായി മാറിയതെന്നാണ് പറയപ്പെടുന്നത്.

ശിവക്ഷേത്രങ്ങളിൽ എല്ലായിടത്തും ശിവനൊപ്പം പാർവ്വതി ദേവിയുടെ പ്രതിഷ്ഠയും കാണാം. രണ്ടുപേരും ഒരുമിച്ചില്ലാത്ത ക്ഷേത്രങ്ങൾ വളരെ അപൂർവ്വമാണ്. അത്തരത്തിലൊന്നാണ് ശൃംഗപുരം ക്ഷേത്രം. ഇവിടെ ശിവന്‍റെ മാത്രം പ്രതിഷ്ഠയാണ് ഉള്ളത്. ഇതിനെ സാധൂകരിക്കുന്ന ചില വിശ്വാസങ്ങളും ക്ഷേത്രത്തിൽ കാണാം. ദക്ഷയാഗത്തിൽ അപമാനിതയായ സതീദേവി ജീവന്‍ വെടിഞ്ഞ കോപത്തിൽ ശിവൻ ദക്ഷനെ വധിച്ചതായാണല്ലോ പുരാണങ്ങൾ പറയുന്നത്. എന്നാൽ പിന്നീട് ശാന്തനായ ശേഷം ശിവൻ ദക്ഷനെ പുനരുജ്ജീവിപ്പിച്ച ശേഷം ശാന്തനായി ഇരിക്കുന്ന രൂപത്തിലാണത്രെ ഇവിടുത്തെ പ്രതിഷ്ഠ. ദാക്ഷായണീ വല്ലഭൻ എന്നും ഇവിടുത്തെ ശിവനെ വിളിക്കുന്നു.മാത്രമല്ല, സാധാരണ ക്ഷേത്രങ്ങൾ ഉപപ്രതിഷ്ഠകൾ ഉണ്ടെങ്കിലും ഇവിടെ അതും കാണുവാൻ സാധിക്കില്ല. നാലു ഉപദേവ പ്രതിഷ്ഠകൾ ഇവിടെയുണ്ടെങ്കിലും അതെല്ലാം ശിവരൂപത്തിൽ തന്നെയാണ് എന്നതണ് പ്രത്യേകത. ഇവിടത്തെ ശിവലിംഗപ്രതിഷ്ഠയ്ക്ക് മൂന്നടിയോളം ഉയരമുണ്ട്.

ദ്രാവിഡകാല നിർമ്മിതിക്ക് സമാനമായ രൂപത്തിലാണ് ഇവിടുത്തെ ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ചതുരാകൃതിയിൽ, മൂന്നു നിലയിൽ നല്ല വലുപ്പത്തിലാണ് ഇതിന്റെ നിർമ്മാണം. മുഖമണ്ഡപവും ശ്രീകോവിലിന്‍റെ ഭാഗമായി കാണാം. ചേരരാജകാലത്താണ് ശ്രീകോവിലിന്റെ നിർമ്മാണം നടന്നതെന്നാണ് കരുതപ്പെടുന്നത്. കോവിലിനുള്ളിൽ ധാരാളം ചിത്രപ്പണികളും അലങ്കാരങ്ങളും ക്ഷേത്രത്തിന്‍റെ ഭംഗി വർധിപ്പിക്കുന്നു.കല്ലിൽ നിർമ്മിച്ചിരിക്കുന്ന ഇവിടുത്തെ നാലമ്പലം പൊതുവേ വലുപ്പമേറിയതാണ്.ഇവിടെ നമസ്കാര മണ്ഡപം കാണുവാനില്ല. തിടപ്പള്ളിയും ബലിക്കൽപ്പുരയും അതിമനോഹരമായ രീതിയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. നാലമ്പലത്തിന്റെ നിർമ്മാണവും എടുത്തുപറയേണ്ടതാണ്.

ശിവക്ഷേത്രമായതിനാൽ തന്നെ ശിവനുമായി ബന്ധപ്പെട്ട ദിവസങ്ങളെല്ലാം പ്രത്യേക പ്രാധാന്യത്തോടെ ഇവിടെ ആഘോഷിക്കുന്നു. നവരാത്രി,മണ്ഡലകാലം എന്നിവയെല്ലാം ക്ഷേത്രത്തിലെ വിപുലമായ ആഘോഷങ്ങളാണ്. കുംഭമാസത്തിലെ അമാവാസിയോട് അടുപ്പിച്ചാണ് എട്ടുദിസം നീണ്ടുനിൽക്കുന്ന ക്ഷേത്രത്തിലെ ഉത്സവം.ക്ഷേത്രത്തെ സംബന്ധിച്ച മറ്റൊരു വിശ്വാസം, ഇവിടെ സിവസന്നിധിയിൽ ഏഴ് സ്വയംവര പൂജ നടത്തിയാൽ വിവാഹം തടസ്സമില്ലാതെ പെട്ടന്നു നടക്കുമെന്നാണ്.എല്ലാ ദിവസവും രാവിലെ 5 മണിക്ക് തുറക്കുന്ന ക്ഷേത്പം 9.45ന് അടയ്ക്കുകയും തുടർന്ന് വൈകുന്നേരം5 മണിക്ക് നടതുറന്ന് 8 മണിക്ക് അടയ്ക്കുകയും ചെയ്യും.ദേശീയപാത 17 ൽ കൊടുങ്ങല്ലൂർ കോട്ടപ്പുറം റോഡിൽ ശൃംഗപുരം ജംഗ്ഷന് കഴിഞ്ഞ് ക്ഷേത്രം കാണാം, കൊടുങ്ങല്ലൂര്‍ പറവൂര്‍ റൂട്ടില്‍ ശൃംഗപുരം മഹാദേവ ക്ഷേത്രത്തിൽ എളുപ്പത്തിൽ എത്തിച്ചേരാം.

STORY HIGHLLIGHTS: sringapuram-mahadeva-temple-in-kodungallur-in-thrissur-history-legend