Travel

ഗുരുവായൂരപ്പന്‍റെ കാൽപ്പാദം പതിഞ്ഞ ഇടം ; വിശ്വാസങ്ങളും ഐതീഹ്യങ്ങളും പറയുന്ന പാറ | kalluthipara-temple-in-thrissur-where-you-can-see-the-footprint-of-lord-krishna-details-in-malayalam

വിശ്വാസങ്ങളാലും ഐതിഹ്യങ്ങളാലും നിറഞ്ഞ ഒരുപാട് ഇടങ്ങൾ നമ്മുടെ കേരളത്തിൽ അനവധിയുണ്ട്. പാണ്ഡവർ വനവാസക്കാലത്ത് വന്നിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങൾ, പ്രാര്‍ത്ഥിച്ചിരുന്ന ക്ഷേത്രങ്ങൾ, രാമായണ കാലത്ത് രാമനും സീതയും ലക്ഷണനും കടന്നുപോയെന്ന് ഐതിഹ്യങ്ങൾ പറയുന്ന നാടുകൾ എന്നിങ്ങനെ കഥകളും വിശ്വാസങ്ങളും ഒരേ പോലെ ചേർന്നുനിൽക്കുന്ന സ്ഥലങ്ങള്‍. അത്തരത്തിൽ വിശ്വാസത്തിന്‍റെ കണ്ണിലൂടെ കാണുമ്പോഴും ചരിത്രപരമായും സവിശേഷമായ പ്രാധാന്യം അര്‍ഹിക്കുന്ന ക്ഷേത്രമാണ് കല്ലുത്തിപ്പാറ ശ്രീകൃഷ്ണ ക്ഷേത്രം. തൃശൂരിലെ കണ്ടാണിശ്ശേരി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ശ്രീകൃഷ്ണ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം വിശ്വാസങ്ങളുടെ ഒരു കേന്ദ്ര സ്ഥാനമാണ്. തൃശൂരിന് പുറത്തുള്ളവർക്ക് അധികമൊന്നും അറിയില്ലെങ്കിൽപ്പോലും കേട്ടറിഞ്ഞെത്തുന്ന വിശ്വാസികൾ ഇതിന് തെളിവാണ്.

ഐതിഹ്യങ്ങളും വിശ്വാസങ്ങളും പരസ്പരം ഇഴപിരിഞ്ഞ് കിടക്കുകയാണ് കല്ലുത്തിപ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ. പാറയാൽ ചുറ്റപ്പെട്ടു നിൽക്കുന്ന ക്ഷേത്രം പാറക്കൂട്ടത്തിന് നടുവിലെ കുഴിഞ്ഞ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ന് വളരെ മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന ക്ഷേത്രം പണ്ട് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് എന്നാണ് പറയപ്പെടുന്നത്. അക്കാലത്ത് ഇവിടുത്തെ ശില്പങ്ങളും കൽവിഗ്രഹങ്ങളുമെല്ലാം ആരാലും നോക്കാതെ കാടുപിടിച്ചു കിടക്കുമ്പോൾ വന്യമൃഗങ്ങളും വിഷപ്പാമ്പുകളും ഒക്കെയയിരുന്നുവത്രെ ഇത് സംരക്ഷിച്ചിരുന്നത്.ക്ഷേത്രം ഇപ്പോൾ കാണുന്ന രൂപത്തിലേക്ക് മാറിയിട്ട് വളരെ കുറച്ച് വർഷങ്ങളായതേയുള്ളൂ. പാറക്കൂട്ടങ്ങൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിനു മുകളിലുള്ള പാറയിൽ ഒരു ചെറിയ കുളം കാണാം. കാണുമ്പോൾ വളരെ ചെറുതെന്ന് തോന്നുമെങ്കിലും വേനലെത്ര കടുത്താലും ഇത് വറ്റാറില്ലെന്ന് മാത്രമല്ല, ഏകദേശം നാലാൾ താഴ്ച ഇതിനുണ്ടെന്നാണ് പറയപ്പെടുന്നത്. കാണുമ്പോൾ വെറുമൊരു പാറക്കുളം പോലെയെന്നത് തോന്നൽ മാത്രമാണത്രെ. പണ്ടുളളവർ പറയുന്നതനുസരിച്ച് കടലിൽ ചാകരയുണ്ടാകുന്ന സമയത്ത് ഈ പാറക്കുളത്തിൽ കടലിലെ മീനുകളും വന്നിരുന്നുവത്രെ.

കണ്ടാണിശ്ശേരിയിലെ കല്ലുത്തിപ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണന്റെ കാൽപ്പാദം പതിഞ്ഞിരിക്കുന്നുവെന്നാണ് വിശ്വസിക്കുന്നത്. പാറയുടെ മുകളിൽ ഒരു കാല്പാദം മുഴുവനായും കാണാം. ഗുരുവായൂരപ്പന്റെ കാൽപ്പാദമാണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഗുരുവായൂരപ്പൻ ഇവിടെ വന്നിരുന്നുവെന്നാണ് വിശ്വാസം, കാല്പാദത്തിന് സമീപത്തായി കയർ കിടക്കുന്ന പോലെയൊരു പാടും കാണാം. എന്നിരുന്നാലും കാലപ്പഴക്കം കൊണ്ടായിരിക്കണം, ഇത് ചെറുതായി മായുന്നുമുണ്ട്.ശ്രീകൃഷ്ണന്‍റെ കാല്പാദം കാണുന് ഇവിടെ എല്ലാ മലയാള മാസം ഒന്നാം തിയതിയും പാദപൂജ നടത്താറുണ്ട്. ശ്രീകൃഷ്ണനെ കൂടാതെ ഭഗവതി, അയ്യപ്പന്‍, ഗണപതി, മുരുകൻ എന്നിവരെയും ഇവിടെ ആരാധിക്കുന്നു. ഇവർക്കുള്ള ക്ഷേത്രങ്ങളും പ്രധാന ക്ഷേത്രത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. കൃഷ്ണനുമായി ബന്ധപ്പെട്ട പ്രധാന ദിവസങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെ ഇവിടെയും ആഘോഷിക്കുന്നു. ഏപ്രിൽ മാസത്തിൽ പ്രദേശത്ത് പൂരവും സംഘടിപ്പിക്കുന്നു.ഗുരുവായൂര്‍ ക്ഷേത്രത്തിനായി വരുമ്പോൾ കല്ലുത്തിപ്പാറ ക്ഷേത്രത്തിൽ കൂടി വരുന്ന വിധത്തില്‍ യാത്ര ചെയ്യാം. ഗുരുവായൂരിൽ നിന്നും 9.3 കിലോമീറ്റർ ദൂരമാണ് ക്ഷേത്രത്തിലേക്കുള്ളത്. 20 മിനിറ്റ് സമയത്തിൽ ഇവിടെയെത്താം.

STORY HIGHLLIGHTS: kalluthipara-temple-in-thrissur-where-you-can-see-the-footprint-of-lord-krishna-details-in-malayalam