Travel

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ വിമാനത്താവളങ്ങൾ! | worlds-most-dangerous-airports

വിമാനയാത്ര പലര്‍ക്കും പേടിയുള്ള കാര്യമാണ്. ‘എയറില്‍ കേറിയാല്‍’ പിന്നെ തിരിച്ചിറങ്ങുമോ എന്നൊക്കെയുള്ള ഭയമുണ്ട് പലര്‍ക്കും. ഈ പേടി എത്രത്തോളം അടിസ്ഥാന രഹിതമാണ് എന്ന് മനസ്സിലാകും, ലോകത്തെ ചില എയര്‍പോര്‍ട്ടുകള്‍ കണ്ടാല്‍. ആകാശത്ത് പറക്കുന്നതല്ല, തിരിച്ചിറങ്ങുന്നതാണ് ടാസ്ക്! വളരെ അപകടകരമായ ഇടങ്ങളില്‍ നിര്‍മിച്ചിരിക്കുന്ന ഈ എയര്‍പോര്‍ട്ടുകള്‍ ഒരു തരത്തില്‍ നോക്കിയാല്‍ അദ്ഭുതകരമായ കാഴ്ചയാണ്. അതീവ വൈദഗ്ധ്യവും പ്രത്യേക പരിശീലനവും ലൈസൻസുമെല്ലാമുള്ള പൈലറ്റുമാര്‍ക്ക് മാത്രമേ ഇത്തരമിടങ്ങളില്‍ പറക്കാനാകൂ. ലോകത്തിലെ ഏറ്റവും ഏറ്റവും അപകടകരമായ ചില വിമാനത്താവളങ്ങള്‍ കണ്ടാലോ?

 ടെൻസിങ്-ഹിലാരി എയർപോർട്ട്

ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളമായാണ്, നേപ്പാളിലെ ലുക്ലയിലുള്ള ടെൻസിങ്-ഹിലാരി എയർപോർട്ട് കണക്കാക്കുന്നത്. എവറസ്റ്റ് ബേസ് ക്യാംപിലേക്കുള്ള ട്രെക്കിങ്ങുകളുടെ ആരംഭ പോയിന്റായി അറിയപ്പെടുന്നതിനാല്‍ ലുക്ല വളരെ ജനപ്രിയമാണ്. നഗരത്തിലെത്താൻ ബസ് യാത്ര, സ്വകാര്യ ഹെലികോപ്റ്റർ, ട്രെക്കിങ് എന്നിവയുൾപ്പെടെ മറ്റ് വഴികളുണ്ട്, എന്നാൽ കാഠ്മണ്ഡുവിൽ നിന്ന് ലുക്ലയിലേക്ക് ഫ്ലൈറ്റ് വഴി എത്താന്‍ വെറും 40 മിനിറ്റ് മതി എന്നത് യാത്രക്കാരുടെ സമയം ലാഭിക്കുന്നു. നല്ല കാലാവസ്ഥയിൽ പകൽസമയത്ത് കാഠ്മണ്ഡുവിലെ രാമേച്ചാപ്പിനോ എയര്‍പോര്‍ട്ടിലേക്ക് ലുക്ലയിൽ നിന്നും പ്രതിദിന ഫ്ലൈറ്റുകൾ ഉണ്ട്. എന്നാല്‍ മിക്കപ്പോഴും മഴയും മൂടല്‍മഞ്ഞും കാരണം വിമാനങ്ങള്‍ സര്‍വീസ് മുടക്കുന്നത് പതിവാണ്. സമുദ്രനിരപ്പിൽ നിന്ന് 9,383 അടി ഉയരത്തിൽ, പർവതപ്രദേശങ്ങളാൽ ചുറ്റപ്പെട്ട എയര്‍പോര്‍ട്ടിന്‍റെ ചെറിയ റൺവേ 1,729 അടി ഉയരത്തിലാണ്. ചെറിയ വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും മാത്രമേ ഇവിടെ ഇറങ്ങാനും പറന്നുയരാനും കഴിയൂ, പൈലറ്റുമാർക്ക് പ്രത്യേക പരിശീലനം ആവശ്യമാണ്.

പ്രിൻസസ് ജൂലിയാന ഇന്റർനാഷണൽ എയർപോർട്ട്

കരീബിയൻ ദ്വീപായ സെന്റ് മാർട്ടിനിലെ പ്രധാന വിമാനത്താവളമാണ്, കരീബിയൻ ദ്വീപായ സെന്റ് മാർട്ടിനിലെ പ്രിൻസസ് ജൂലിയാന ഇന്റർനാഷണൽ എയർപോർട്ട്(Princess Juliana International Airport). നെതർലൻഡ്‌സിലെ ജൂലിയാന രാജ്ഞിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. സിംപ്സൺ ബേ ലഗൂണിന്റെ തീരത്തിനടുത്തായി, ദ്വീപിന്റെ ഡച്ച് ഭാഗത്താണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ആൻഗ്വില, സാബ , സെന്റ് ബർത്തലെമി, സിന്റ് യൂസ്റ്റേഷ്യസ് എന്നിവയുൾപ്പെടെയുള്ള ലീവാർഡ് ദ്വീപുകളിലേക്കുള്ള പ്രധാന കവാടമാണിത്. മഹോ ബീച്ചിനു മുകളിലൂടെ, വളരെ താഴ്ന്നു പറക്കുന്ന വിമാനങ്ങളാണ് ഇവിടുത്തെ പ്രത്യേകത, ഓരോ തവണ വിമാനം അരികിലൂടെ പറന്നുപോകുമ്പോഴും മണലും മണ്ണുമെല്ലാം മൂക്കിലും വായിലും കയറും! ഒരു വശത്ത് കടൽത്തീരവും മറുവശത്ത് മലകളുമുള്ള റൺവേയ്ക്ക് വെറും 7,546 അടി നീളമേയുള്ളൂ. ഇവിടെ വിമാനം ഇറക്കാന്‍ പൈലറ്റുമാര്‍ക്ക് പ്രത്യേക പരിശീലനം കൂടിയേ തീരൂ. വിമാനത്താവളം സമുദ്രത്തിനും പർവ്വതപ്രദേശത്തിനും ഇടയിലായതിനാൽ ശക്തമായ കാറ്റും പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നു.

പാരോ രാജ്യാന്തര വിമാനത്താവളം

ഭൂട്ടാനിലെ ഏക രാജ്യാന്തര വിമാനത്താവളമാണ് പാരോ വിമാനത്താവളം(Paro International Airport). സമുദ്രനിരപ്പിൽ നിന്ന് 7,364 അടി ഉയരത്തിൽ ഹിമാലയത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പകൽസമയത്ത് മാത്രമേ വിമാനങ്ങള്‍ക്കു ലാന്‍ഡ്‌ ചെയ്യാനും പറന്നുയരാനും കഴിയൂ. വിമാനത്തിന്‍റെ മുന്‍വശം, പര്‍വ്വതങ്ങളില്‍ മുട്ടാതെ, 45-ഡിഗ്രി കോണിൽ പറന്നുയരാന്‍ അതീവ വൈദഗ്ധ്യമുള്ള പൈലറ്റുമാര്‍ക്കു മാത്രമേ കഴിയൂ. അതുകൊണ്ടുതന്നെ, 17 പൈലറ്റുമാർക്ക് മാത്രമേ ഇവിടെ ഇറങ്ങാൻ അനുവാദമുള്ളൂ.

മഡെയ്‌റ എയർപോർട്ട്

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്റർനാഷണൽ എയർപോർട്ട് എന്നും അറിയപ്പെടുന്ന മഡെയ്‌റ എയർപോർട്ട് സ്ഥിതിചെയ്യുന്നത് പോര്‍ച്ചുഗലിലാണ്. റൺവേയ്ക്ക് ചുറ്റും പരുക്കൻ പർവ്വതങ്ങളും അറ്റ്ലാന്റിക് സമുദ്രവും സ്ഥിതി ചെയ്യുന്ന പോർച്ചുഗലിലെ മഡെയ്‌റ ദ്വീപിലാണ് വിമാനത്താവളം നിർമിച്ചിരിക്കുന്നത്. ഭൂപ്രദേശം, കാറ്റ്, റൺവേയുടെ സ്ഥാനം എന്നിവ കണക്കിലെടുക്കുമ്പോള്‍, വിമാനം പറന്നുയരുമ്പോഴും ലാൻഡിങ്ങിലും ചെറിയ പിഴവുണ്ടായാല്‍ പോലും അത് അപകടകരമായ സാഹചര്യത്തിലേക്കു നയിക്കും. ചുറ്റുമുള്ള പർവ്വതനിരകൾ കാരണം, വളഞ്ഞു പുളഞ്ഞു മാത്രമേ ഇവിടേക്ക് വിമാനങ്ങള്‍ക്ക് എത്താനും ഇവിടെ നിന്നു പോകാനും പറ്റൂ. ഭൂമിശാസ്ത്രപരമായ സ്ഥാനം മൂലം, അപ്രതീക്ഷിതമായി വീശിയടിക്കുന്ന ശക്തമായ അറ്റ്‌ലാൻ്റിക് കാറ്റുകളും പലപ്പോഴും യാത്രയ്ക്കു ഭീഷണിയാകുന്നു.

നർസർസുവാഖ് എയർപോർട്ട്

തെക്കൻ ഗ്രീൻലാൻഡിലെ ഏക രാജ്യാന്തര വിമാനത്താവളമായ നർസർസുവാഖ്, വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ കഴിയുന്ന രാജ്യത്തെ രണ്ട് വിമാനത്താവളങ്ങളിൽ ഒന്നാണ്. കുത്തനെയുള്ള മലനിരകള്‍ക്ക് നടുവിലൂടെ, 6,000 അടി നീളമുള്ള റൺവേയിലേക്കെത്താന്‍ പൈലറ്റുമാർക്ക് 90 ഡിഗ്രി തിരിയേണ്ടതുണ്ട്, ശക്തമായ കാറ്റ് കാരണം ഇത് പലപ്പോഴും വെല്ലുവിളിയാകും. സമീപത്തുള്ള അഗ്നിപർവ്വതങ്ങളില്‍ നിന്നുയരുന്ന പുക കാരണം കാഴ്ച മങ്ങുന്നതും പതിവാണ്. പകൽ ലാൻഡിംഗുകളും ടേക്ക് ഓഫുകളും മാത്രമേ ഇവിടെ അനുവദിക്കാറുള്ളൂ.

ടോൺകോണ്ടിൻ രാജ്യാന്തര വിമാനത്താവളം

ഹോണ്ടുറാസിലെ ടെഗുസിഗാൽപയില്‍ സ്ഥിതിചെയ്യുന്ന ടോൺകോണ്ടിൻ വിമാനത്താവളം ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിൽ ഒന്നായി കുപ്രസിദ്ധമാണ്. പർവതങ്ങളാൽ ചുറ്റപ്പെട്ട വിമാനത്താവളത്തില്‍ ഇന്നേവരെ ഒട്ടേറെ അപകടങ്ങള്‍ നടന്നിട്ടുണ്ട്. പൈലറ്റുമാർക്ക് താഴ്‌വരയിൽ ടച്ച്‌ഡൗൺ ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുമ്പ് 45 ഡിഗ്രി തിരിഞ്ഞ് അയൽപക്കത്തുള്ള വീടുകള്‍ക്ക് മുകളിലൂടെ പറക്കേണ്ടതുണ്ട്. 7,000 അടി നീളമുള്ള ടേബിൾടോപ്പ് റൺവേയും വളരെ അപകടകരമാണ്.

STORY HIGHLLIGHTS :  worlds-most-dangerous-airports