Kerala

പാലക്കാട് ഇന്ന് വിധിയെഴുത്ത് | Palakkad by-poll 2024

പാലക്കാട്: അപ്രതീക്ഷിത ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. വൈകിട്ട് 6 വരെ ക്യൂവിലുള്ള മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ സൗകര്യമൊരുക്കും.

വോട്ടെടുപ്പിന് മുന്നോടിയായി മോക് പോളിങ് ആരംഭിച്ചു. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം.

4 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 184 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 736 പോളിങ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ പോളിങ് സ്റ്റേഷനുകളിലെയും വോട്ടെടുപ്പ് നടപടികൾ വെബ് കാസ്റ്റിങ് നടത്തും. 23നാണു വോട്ടെണ്ണൽ.